സമ്പാദകന്‍: കെ. ജോര്‍ജ്ജ് എണ്ണക്കാലാ, പാത്താമുട്ടം
ആമുഖം
വാകത്താനം സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയപള്ളിയുടെ ചരിത്രസത്യങ്ങള്‍ മാംദാന ബുള്ളറ്റിനില്‍ കൂടി സഭാംഗങ്ങള്‍ക്ക് വായിക്കുവാനും പഠിക്കുവാനും സാധിക്കുന്നതില്‍ 85 വയസ്സുകാരനായ എനിക്ക് അതിയായ സന്തോഷവും ചാരിതാര്‍ത്ഥ്യവുമുണ്ട്.
നമ്മുടെ പള്ളിയെപ്പറ്റിയുള്ള ചരിത്രപ്രാധാന്യമുള്ള രേഖകളോ വസ്തുക്കളോ ഒക്കെയുള്ളവര്‍ അത് പള്ളിയെ ഏല്പിക്കുന്നത് തികച്ചും ഉചിതമെന്ന് ബഹുമാനപ്പെട്ട നമ്മുടെ പള്ളി വികാരി ഫാ. വി. എം. എബ്രഹാം വാഴയ്ക്കല്‍ കഴിഞ്ഞ മാംദാന ലക്കം എഡിറ്റോറിയലില്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. അതിന്‍പ്രകാരം ഈ പള്ളിരേഖ പ്രസിദ്ധീകരണത്തിനായി അര്‍പ്പിക്കുകയാണ്.
കേരളത്തിലെ പ്രമുഖ കുടുംബങ്ങളില്‍ ഒന്നായ മാളിയേക്കലായ കൈതയില്‍ പടിഞ്ഞാറേകുറ്റ് കുടുംബചരിത്ര (1986)ത്തിലെ 68, 69 പേജുകളാണ് നമ്മുടെ ചരിത്രരേഖ (പ്രസ്തുത പേജുകള്‍ അതേപടി പകര്‍ത്തിയിരിക്കുകയാണ്.) ഈ രേഖ നമ്മുടെ പള്ളിയുമായി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നതായി കാണാവുന്നതാണ്. പോരെങ്കില്‍ നമ്മുടെ പള്ളിവികാരിയായി കൈതയില്‍ ഗീവര്‍ഗീസ് മല്പാനച്ചന് ദീര്‍ഘകാലം ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ടുതാനും. എല്ലാത്തിനും ഉപരിയായി നമ്മുടെ ഒരു ആദ്യകാല ഇടവക അംഗമായിരുന്ന അണ്ണവട്ടത്ത് കോര അഥവാ കൊല്ലാട് കൈതയില്‍ കോര ആണ് നമ്മുടെ പള്ളിയുടെ വടക്കു കിഴക്കേ മൂലയിലുള്ള കിണര്‍ സ്വന്ത ചെലവില്‍ വെട്ടിച്ചിട്ടുള്ളതും.
അണ്ണവട്ടത്ത് കോര
“കൊല്ലാട്ട് കൈതയില്‍ ചാക്കോയുടെ നാലാമത്തെ പുത്രന് കോര 1800-ല്‍ ജനിച്ചു. വാകത്താനത്തു മടത്തിറമ്പില്‍ വീട്ടില്‍ ഏകസന്താനമായിരുന്നതിനാല് ആ വീടിനു തൊട്ടടുത്തുള്ള പറമ്പില്‍ വഴിയരികിലായി വീടുവച്ചു താമസിച്ചു. കച്ചവടം നടത്തി മുതല്‍ സമ്പാദിച്ചു. ക്രമേണ അണ്ണവട്ടത്തു സ്ഥലവും കടവില്‍ കുറെ നിലവും കുറെ കിഴക്കുമാറി വെണ്മണിപറമ്പും ചായക്കാരന്പറമ്പും വാങ്ങി. അതിനു ശേഷം മണികണ്ഠപുരം അമ്പലത്തിനു വടക്ക് ഒരേക്കര്‍ മറ്റനിലം വാങ്ങി കരിമ്പുകൃഷി നടത്തി. വേറെ ചില പുരയിടങ്ങളും പിന്നീടു വാങ്ങി. കോരയുടെ പുരോഗതിയും ഉയര്‍ച്ചയും ഭാര്യവീട്ടുകാരുടെ അസൂയയ്ക്കു വിഷയമാകുകയും അവരുമായി അസ്വാരസ്യത്തിലാകുകയുമുണ്ടായി. തന്മൂലം കോര ആ ദിക്കു വിട്ട് അണ്ണവട്ടത്തു താമസമാക്കി കൃഷികാര്യാദികളില് ബദ്ധശ്രദ്ധനായി.
ഗീവര്‍ഗീസ് മല്പാന്
ആയിടെ, സഹോദരനായ ഗീവര്‍ഗീസ് മല്പാന് വാകത്താനത്തു വന്നു താമസിക്കയും അന്നാട്ടുകാര്‍ പുതുപ്പള്ളി വരെ പോകുന്ന പതിവു നിര്‍ത്തി സ്വന്തമായ ഒരു പള്ളി വയ്ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പ്രധാന കുടുംബങ്ങളുമായി ആലോചനകള്‍ നടത്തുകയും ചെയ്തു. പള്ളിപണിക്കു ധനശേഖരണത്തിനായി ഓരോ വീട്ടുകാര്‍ക്കും ഇത്ര ഇത്ര ഓഹരിയെന്നു നിശ്ചയിച്ചു. വെട്ടിയില്‍ (എണ്ണശ്ശേരി) കുടുംബത്തിന് രണ്ട് ഓഹരി, പ്ളാപ്പറമ്പില്‍, വള്ളിക്കാട്, കൈതയില്‍ എന്നീ വീട്ടുകാര്‍ക്ക് ഓരോ ഓഹരി എന്നു നിര്‍ണ്ണയിച്ച് അവരെല്ലാം ചേര്‍ന്നുണ്ടാക്കിയ ഉടമ്പടി പില്ക്കാലത്ത് പേരഞ്ചും പേരേട് എന്നറിയപ്പെട്ടു. ഉടമ്പടിയനുസരിച്ച് പണം പിരിക്കയും ഗീവര്‍ഗീസ് മല്പാന്റെ മേല്‍നോട്ടത്തില്‍ പള്ളിപണി നടത്തുകയും ചെയ്തു. പള്ളിയുടെ വടക്കു കിഴക്കേ മൂലയിലുള്ള കിണര്‍, കോര സ്വന്തം ചെലവില്‍ വെട്ടിച്ചു.”
എം.കെ.പി. കുടുംബചരിത്രത്തോട് കടപ്പാട്.