വാകത്താനത്തു പള്ളി ചരിത്രം

വാകത്താനത്തു പള്ളി ചരിത്രം

ഡോ. കെ. സി. ചെറിയാന്‍ പഴയാറ്റുങ്കല്‍ (അപ്പോത്തിക്കരി)

സമ്പാദകന്‍: കെ.സി. മാണി

ആമുഖം

പഴയാറ്റുങ്കല്‍ അപ്പോത്തിക്കരി (ഡോക്ടര്‍) എന്ന പേരില്‍ ഒരു നൂറ്റാണ്ടു മുമ്പ് പ്രസിദ്ധനായിരുന്ന പഴയാറ്റുങ്കല്‍ ഡോ. കെ. സി. ചെറിയാന്‍ എഴുതിയ ഒരു ചരിത്ര ഗ്രന്ഥത്തില്‍ വാകത്താനത്തു പള്ളിയെ സംബന്ധിക്കുന്ന ഭാഗങ്ങളുടെ സംക്ഷിപ്കമാണ് ഈ ലേഖനത്തിന്റെ ഉള്ളടക്കം. മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ്. പാസ്സായ ശേഷം, കുറിച്ചിയില്‍ സ്വന്തമായി ഒരു ആശുപത്രി സ്ഥാപിച്ച് അവിടെ തന്നെ അദ്ദേഹം സ്ഥിരതാമസമാക്കിയിരുന്നു. കുറിച്ചി വലിയ പള്ളിക്കു സമീപമാണ് താന്‍ താമസിച്ചിരുന്നതെങ്കിലും ഈ പള്ളിയുമായുള്ള തന്റെ ബന്ധം ആജീവനാന്തം താന്‍ നിലനിര്‍ത്തിയിരുന്നു. മെസ്മറിസം, ഹിപ്നോട്ടിസം, ജ്യോതിഷം തുടങ്ങിയ കലകളും ഇദ്ദേഹത്തിനു ഹൃദിസ്ഥമായിരുന്നു. ഈ പള്ളി സെമിത്തേരിയില്‍ അദ്ദേഹം സംസ്കരിക്കപ്പെട്ടിരിക്കുന്നു. – സമ്പാദകന്‍.

വാകത്താനത്തു പള്ളി ചരിത്രം

വാകത്താനത്തു പ്ളാപ്പറമ്പില്‍ കുടുംബത്തിന്റെ സ്ഥാപകനായ കുര്യന്‍ കൊല്ലവര്‍ഷം പത്താം നൂറ്റാണ്ടിന്റെ മദ്ധ്യദശയില്‍ പുതുപ്പള്ളില്‍ ചുങ്കപ്പുരയില്‍ നിന്ന് വാകത്താനത്തു വന്നു പാര്‍ത്തു എങ്കിലും പുതുപ്പള്ളിയുമായുള്ള തന്റെ ബന്ധം സമൂലം ഛേദിക്കുന്നതിന് അദ്ദേഹത്തിനു സാധിച്ചില്ലെന്നല്ല, പലപ്പോഴും അവിടെ പോകുന്നതിനും നിര്‍ബന്ധിതനായിരുന്നു. ഞായറാഴ്ച തോറും പ്ളാപ്പറമ്പില്‍ നിന്ന് എല്ലാവരും പുതുപ്പള്ളിപ്പള്ളിയില്‍ പോയ ശേഷം ചുങ്കപ്പുരയ്ക്കല്‍ ചെന്ന് വിശ്രമിക്കുക പതിവായിരുന്നു. വാകത്താനത്തുള്ള മറ്റു കുടുംബക്കാരും പുതുപ്പള്ളിയിലാണ് കൂടി വന്നത്.

അങ്ങനെയിരിക്കെ 1018-ല്‍ ആയിരുന്നെന്നു തോന്നുന്നു ഒരു ഞായറാഴ്ച വെട്ടിയില്‍ പറമ്പില്‍ ഉലഹന്നാന്‍ കുര്‍ബ്ബാന കാണുന്നതിനായി പള്ളിയില്‍ എത്തിയ സമയം കാരാപ്പുഴ മല്പാന്‍ ആ കര്‍മ്മം അനുഷ്ഠിച്ചു കഴിഞ്ഞിരുന്നു. ദൂരെ നിന്നു വരുന്ന ആളുകളെ ഓര്‍ത്ത് കുറേക്കൂടെ പുലര്‍ന്നതിനു ശേഷമേ കുര്‍ബ്ബാന ആരംഭിക്കാവൂ എന്ന് ഉലഹന്നാന്‍ മല്പാനോടു പറഞ്ഞതിന് ‘ഓരോരുത്തന്റെയും സമയത്തിനു കുര്‍ബ്ബാന ചൊല്ലണമെങ്കില്‍ അവനവന്റെ അടുക്കള വാതില്‍ക്കല്‍ ഓരോ പള്ളി വയ്പ്പിച്ചു കൊള്ളണ’മെന്ന് മല്പാന്‍ പറഞ്ഞു. ഇതിങ്കല്‍ അദ്ദേഹം നീരസപ്പെട്ട് കളപ്പുരയ്ക്കല്‍ പുന്നൂസ്, കൊച്ചുപറമ്പില്‍ പുന്നൂസ് എന്നിവരോട് ആലോചിക്കുകയും വാകത്താനത്തു തന്നെ ഒരു പള്ളി പണിയണമെന്ന് എല്ലാവരും കൂടി നിശ്ചയിക്കുകയും ചെയ്തു. എങ്കിലും പുതുപ്പള്ളിയോടുള്ള ഗാഢബന്ധം ഖണ്ഡിച്ചു കളയുന്നതിനുള്ള വൈമനസ്യത്താലും അക്കാലത്തു പള്ളി സ്ഥാപിക്കുന്നതിന് ഗവണ്‍മെന്റനുമതി വാങ്ങിക്കുന്നതിനുണ്ടായിരുന്ന പ്രയാസത്താലും കൊച്ചുപറമ്പില്‍ പുന്നൂസ് ആ കാര്യത്തില്‍ ഹൃദയപൂര്‍വ്വം സഹകരിക്കാതെയായിരുന്നു. പടിഞ്ഞാറെ വെട്ടിയില്‍ സ്കറിയായും പ്ളാപ്പറമ്പില്‍ തൊമ്മനും സഖികളായിരുന്നു. പള്ളിക്ക് അനുവാദം ലഭിക്കുന്ന പക്ഷം വേണ്ട സഹായം ചെയ്യാമെന്ന് കൊച്ചുപറമ്പില്‍ പുന്നൂസ് തന്റെ സഹോദരനോടു പറഞ്ഞു. തൊമ്മന്‍ ഈ സംഗതിയില്‍ ഹൃദയപൂര്‍വ്വമായി പ്രവര്‍ത്തിച്ചു. പുതുപ്പള്ളിയിലെ പുരോഹിതന്മാരുടെ സ്വാര്‍ത്ഥതയും അധര്‍മ്മവും വെട്ടിയില്‍പറമ്പില്‍ ഉലഹന്നാനും തന്റെ സഹോദരന്‍ സ്കറിയായ്ക്കും സഹിക്ക വഹിയാതിരുന്നതു കൊണ്ട് അവര്‍ ഉറ്റു ശ്രമിച്ചു. സ്വാതി തിരുനാള്‍ രാജാവിന്റെ വാഴ്ച അവസാനിക്കുന്നതിനു കുറെ മുമ്പ് 1019-ല്‍ വെട്ടിയില്‍ ഉലഹന്നാന്‍ ഒരു സംഗതിവശാല്‍ തിരുവനന്തപുരത്തു ചെല്ലുകയും അപ്പോള്‍ അവിടെ എത്തിയിരുന്ന ആലഞ്ചേരി കളപ്പുരയ്ക്കല്‍ തൊമ്മനെ കണ്ട് പാവൂക്കരയെന്നു പറഞ്ഞു വരുന്നതും മുമ്പൊരു തരീസാപ്പള്ളിയിരുന്നതുമായ പള്ളിക്കുന്നില്‍ ഒരു പള്ളി സ്ഥാപിക്കുന്നതിന് അനുവാദം നല്‍കണമെന്ന് മേലധികാരികള്‍ക്ക് ഒരു ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു. ഭാഗ്യവശാല്‍ ആ സമയത്ത് പള്ളി സ്ഥാപനാനുമതിക്കായി ഏതു ക്രിസ്തീയ വകുപ്പുകാര്‍ അപേക്ഷിച്ചാലും ഉടന്‍ അനുവാദം കൊടുത്തു കൊള്ളണമെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റില്‍ നിന്ന് ഒരു പ്രത്യേക കല്പനയുണ്ടായി. അതനുസരിച്ചു പ്രവര്‍ത്തിച്ചു കൊള്ളണമെന്ന് ദിവാന്‍ജിയോട് തമ്പുരാന്‍ ആജ്ഞാപിച്ചതിനാല്‍ നാലു പള്ളികള്‍ പണിയുന്നതിന് അദ്ദേഹം അനുവദിച്ചു. അതില്‍ ഒന്നായിരുന്നു വാകത്താനത്തു പള്ളി.

Filed in: vakathanam-church-history
© 2019 St. John's Orthodox Syrian Church. All rights reserved. .