വാകത്താനത്തു പള്ളി ചരിത്രം

1077 കര്‍ക്കടകത്തില്‍ കൊച്ചുപറമ്പില്‍ യോഹന്നാന്‍ ശെമ്മാശന്‍ കശീശാപ്പട്ടം ഏല്‍ക്കുകയും 1078 കുംഭം 4-ാം തീയതി ഞായറാഴ്ച പുത്തന്‍ കുര്‍ബ്ബാന ചൊല്ലുകയും ചെയ്തു. 1083 മീനത്തില്‍ ന്യൂമോണിയാ എന്ന ജ്വരത്താല്‍ ഫാദര്‍ പഴയാറ്റുങ്കല്‍ സ്വന്തഭവനമായ കോയിപ്പുറത്തുവെച്ച് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. അദ്ദേഹത്തിന്റെ ശവസംസ്കാരം മുറിമറ്റത്ത് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായാല്‍ നടത്തപ്പെട്ടു. തനിക്കു ഭരമേല്‍പിക്കപ്പെട്ടതായ താലന്തിനെ വിശ്വസ്തതയോടെ വിനിയോഗിക്കുന്നതില്‍ ഉത്സുകനായിരുന്ന കൊച്ചുപറമ്പില്‍ കത്തനാര്‍ അണ്ണവട്ടം വീട്ടുകാരെ കൂട്ടി മുറയ്ക്ക് ഒരു കൂട്ടനേര്‍ച്ച നടത്തി വന്നതു മുഖാന്തിരം ഒരു നല്ല സംഖ്യ ശേഖരിച്ച് വടക്കു നിന്ന് ഒരു വെള്ളിക്കുരിശ് വാങ്ങി പള്ളിക്കു കാഴ്ച വച്ചു. 1083-ല്‍ മാര്‍ ഗീവറുഗീസ് ദീവന്നാസ്യോസു മാര്‍ കൂറീലോസസ്, മാര്‍ ഒസ്തോത്തിയോസ് എന്നീ മെത്രാപ്പോലീത്താമാര്‍ ഊര്‍ശ്ശമില്‍ വച്ച് പട്ടമേറ്റതിന്റെ ശേഷം തിരികെ മലങ്കരെ എത്തി. അവരെ ആഘോഷപൂര്‍വ്വം പഴയ സിമ്മനാരിയിലേക്ക് എതിരേറ്റു. നമ്മുടെ പള്ളിയില്‍ നിന്ന് കൈനകരിച്ചുണ്ടന്‍ എന്ന പ്രസിദ്ധ വള്ളം വരുത്തി എതിരേല്പിനു പോയി.

1084-ല്‍ ഇപ്പോഴത്തെ എണ്ണശ്ശേരില്‍ യോഹന്നാന്‍ കത്തനാര്‍ ആഘോഷപൂര്‍വ്വം പുത്തന്‍കുര്‍ബ്ബാന ചൊല്ലി 1084-ല്‍ മഹാനായ മാര്‍ ദീവന്നാസ്യോസു മെത്രാപ്പോലീത്തായ്ക്ക് കഴുത്തിനു താഴെ പിന്‍ഭാഗത്ത് ഒരു പ്രമേഹക്കുരു ഉത്ഭവിച്ചു. നാട്ടുചികിത്സയും ഇംഗ്ളീഷു ചികിത്സയും ശസ്ത്രക്രിയയും മറ്റും ചെയ്തെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ആ ആണ്ടു മിഥുനമാസം 29-ാം തീയതി വിശുദ്ധ പത്രോസ് പൌലൂസ് ശ്ളീഹന്മാരുടെ ഓര്‍മ്മദിവസം അദ്ദേഹം കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. അന്നു മലങ്കര സഭയ്ക്ക് അണഞ്ഞ ദുഃഖം ഇന്നും നീങ്ങിയിട്ടില്ല. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി മാര്‍ ഗീവറുഗീസ് ദീവന്നാസ്യോസു മെത്രാപ്പോലീത്തായെ അദ്ദേഹത്തിന്റെ വിയോഗത്തിനു മുമ്പ് അദ്ദേഹം നിശ്ചയിച്ചിരുന്നു. ഇതിന് മോറാന്‍ മാര്‍ അബ്ദുള്ളാ പാത്രിയര്‍ക്കീസു ബാവാ സമ്മതിച്ചു. ഈ സംഭവങ്ങള്‍ നടന്നപ്പോള്‍ പാത്രിയര്‍ക്കീസ് ഇംഗ്ളണ്ടില്‍ ആയിരുന്നു. 1085 തുലാമാസത്തില്‍ അദ്ദേഹം മലങ്കരെ വന്നു. ജനങ്ങള്‍ അദ്ദേഹത്തെ ഭക്ത്യാദരവോടെ ആഘോഷപൂര്‍വ്വം സ്വീകരിച്ചു. പാത്രിയര്‍ക്കീസിന്റെ ലൌകികാധികാരേഛയെ എതിര്‍ത്തതുമൂലം മെത്രാപ്പോലീത്തായും ബാവായും തമ്മില്‍ രസക്ഷയമുണ്ടായി. തന്മൂലം ബാവായോട് ജനങ്ങള്‍ക്കുണ്ടായിരുന്ന ആദരവു കുറഞ്ഞു പോയി. 1086-ല്‍ കൊച്ചുപറമ്പില്‍ യോഹന്നാന്‍ കത്തനാര്‍ തെസീസു എന്ന രോഗത്തിന് അധീനനായി. ആ ആണ്ടു തുലാമാസത്തില്‍ അദ്ദേഹത്തെ ഈ ചരിത്രകാരന്‍ സ്വന്തം ഡിസ്പെന്‍സറിയില്‍ കൊണ്ടു വന്നു ചികിത്സിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ദീനം അത്രയ്ക്കു കടന്നിരുന്നു. ബലവത്തായിരുന്ന അദ്ദേഹത്തിന്റെ ശരീരം നിഴല്‍ സമാനം ക്ഷീണിച്ചു പോയി. മേടമാസം 6-ാം തീയതി പെസഹാ വ്യാഴാഴ്ച രാവിലെ അദ്ദേഹം കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. തന്റെ ഉറ്റ സ്നേഹിതന്റെ മരണം മൂലം സന്താപനിമഗ്നനായിരുന്ന ഗീവറുഗീസു റമ്പാച്ചന്‍ കുര്‍ബ്ബാന ചൊല്ലി. ഗദ്ഗദസ്വരത്തിലായിരുന്നു അദ്ദേഹം ആ കര്‍മ്മം അനുഷ്ഠിച്ചത്. കുര്‍ബ്ബാന അവസാനിച്ചപ്പോള്‍ മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസ് പള്ളിയില്‍ എത്തി. തന്റെ പ്രിയ ശിഷ്യനായിരുന്ന യോഹന്നാന്‍ കത്തനാരുടെ ഇഹലോകവിയോഗത്തില്‍ ദുഃഖിക്കുന്നു എന്ന് അദ്ദേഹം പ്രസ്താവിച്ചു. ഉച്ചകഴിഞ്ഞ് അദ്ദേഹം അനേകം പട്ടക്കാരുടെയും ശെമ്മാശന്മാരുടെയും അകമ്പടിയോടു കൂടെ ശവസംസ്കാരശുശ്രൂഷ നടത്തി. യോഹന്നാന്‍ കത്തനാരുടെ ഇഹലോകവേര്‍പാട് നമ്മുടെ ഇടവകയ്ക്കും സമുദായത്തിനും ഒരു നഷ്ടം തന്നെ ആയിരുന്നു. പൂര്‍ണ്ണ ഹൃദയത്തോടും ഭീരുത്വം എന്നത് എന്താണെന്ന് അദ്ദേഹത്തിന് അറിഞ്ഞു കൂടായിരുന്നു. ഇടവക ജനങ്ങളുടെ പൊതുവേയുള്ള സന്മാര്‍ഗ്ഗബോധം അദ്ദേഹത്തിന്റെ ഭരണം മൂലം ഉയര്‍ന്നു വന്നതാണ്. പള്ളി വരുമാനങ്ങള്‍ അദ്ദേഹം വര്‍ദ്ധിപ്പിച്ചു. പുതുശേരി പള്ളിക്കാരെ കൊണ്ട് ഒരു വെള്ളിക്കുരിശു പണിയിക്കത്തക്കവണ്ണം അവരുടെ പള്ളിവരുമാനങ്ങള്‍ വര്‍ദ്ധിപ്പിച്ചു എന്നത് എത്രയോ ചാരിതാര്‍ത്ഥ്യജനകമാണ്. അദ്ദേഹം ഒരു മാതൃകാപട്ടക്കാരന്‍ ആയിരുന്നു. അദ്ദേഹത്തെയുള്ള സ്മരണ ജ്ഞാനപ്രദവും മരണത്തിന് ആത്മാവിന്റെ ശാശ്വതമായ ശക്തി കെടുത്തുവാന്‍ വഹിയാത്തതുമാകുന്നു.

അബ്ദുള്ളാ പാത്രിയര്‍ക്കീസിന് മലങ്കരസഭ മേല്‍ ലൌകീകാധികാരം സമ്മതിച്ച് ഉടമ്പടി എഴുതി കൊടുക്കുകയില്ലെന്ന് മാര്‍ ദീവന്നാസ്യോസു മെത്രാപ്പോലീത്താ ധൈര്യസമേതം പറഞ്ഞു. തന്‍നിമിത്തം അദ്ദേഹം ബാവായാല്‍ മുടക്കപ്പെട്ടു. 1089-ല്‍ എക്സ്പേട്രിയാര്‍ക്കായിരുന്ന മോറോന്‍ മാര്‍ അബ്ദുള്‍ മശിഹായെ മെത്രാപ്പോലീത്താ മലങ്കരെ വരുത്തി. മെത്രാപ്പോലീത്തായുടെ മുടക്ക് കാനോനികമല്ലാത്തതിനാല്‍ അസാധുവാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. ആ ബാവാ മാര്‍ ഇവാനിയോസിനെ പൌരസ്ത്യ കാതോലിക്കാ ആയും കണ്ടനാട് യൂയാക്കിം റമ്പാനെ മാര്‍ ഈവാനിയോസ് എന്ന നാമത്തിലും വാകത്താനത്തു ഗീവറുഗീസു റമ്പാച്ചനെ മാര്‍ പീലക്സീനോസ് എന്ന നാമത്തിലും കല്ലാശ്ശേരില്‍ പുന്നൂസ് റമ്പാനെ മാര്‍ ഗ്രിഗോറിയോസ് എന്ന നാമത്തിലും മെത്രാന്മാരായും സ്ഥാനാഭിഷേകം ചെയ്തു. മാര്‍ പീലിക്സീനോസ് മെത്രാപ്പോലീത്താ വാകത്താനത്തു പട്ടാഭിഷേകം കഴിഞ്ഞ് തിരികെ വന്നപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തെ സസന്തോഷം സ്വീകരിക്കുകയും അദ്ദേഹത്തിനു കാഴ്ചകള്‍ കൊടുക്കുകയും ചെയ്തു. കുറെ നാള്‍ വാകത്താനം പള്ളി മുറിയില്‍ താമസിച്ചതിന്റെ ശേഷം അദ്ദേഹം വള്ളിക്കാട്ടേയ്ക്കു നീങ്ങി. കൊച്ചുപറമ്പില്‍ യോഹന്നാന്‍ കത്തനാരുടെ മരണശേഷം പ്ളാപ്പറമ്പു കുടുംബത്തില്‍ പട്ടക്കാരില്ലാതെയായി. ഒരു കുട്ടിയെ തെരഞ്ഞെടുത്തു കൊള്ളുവിന്‍ എന്നു മാര്‍ പീലക്സീനോസു മെത്രാപ്പോലീത്താ ഇടവക ജനങ്ങളോട് ആജ്ഞാപിച്ചു. അതനുസരിച്ച് പള്ളിയടിയില്‍ പുന്നൂസിന്റെ മകന്‍ പീലിപ്പോസിനെ തെരഞ്ഞെടുക്കുകയും 1090-ാമാണ്ട് കര്‍ക്കടകം 12-ാം തീയതി കോട്ടയം മുതലായ ഇടവകകളുടെ മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്താ വാകത്താനത്തു പള്ളിയില്‍ വെച്ച് പള്ളിയടിയില്‍ പുന്നൂസിന്റെ മകന്‍ പീലിപ്പോസിന് ശെമ്മാശുപട്ടം നല്‍കി.

Filed in: vakathanam-church-history
© 2019 St. John's Orthodox Syrian Church. All rights reserved. .