വാകത്താനത്തു പള്ളി ചരിത്രം

1092-ല്‍ പുന്നൂസു ശെമ്മാശന് മാര്‍ പീലക്സീനോസ് മെത്രാപ്പോലീത്താ കശീശാപ്പട്ടം നല്‍കി. ആ ആണ്ടില്‍ ധനുമാസം 26-ാം തീയതി പള്ളിയുടെ പെരുന്നാള്‍ ദിവസം അദ്ദേഹം ആഘോഷപൂര്‍വ്വം പുത്തന്‍കുര്‍ബ്ബാന ചൊല്ലി.

1093-ാമാണ്ട് മേടമാസം 1-ാം തീയതി പട്ടരുമഠത്തില്‍ കുര്യന്‍ കത്തനാര്‍ തന്റെ എണ്‍പത്തിരണ്ടാമത്തെ വയസ്സില്‍ സ്വഭവനത്തില്‍ വെച്ച് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. വാകത്താനം പള്ളി ഇടവകക്കാര്‍ കുരിശ്, കുട, കൊടി മുതലായ സാമാനങ്ങളോടു കൂടെ പുതുപ്പള്ളിയില്‍ നിന്നും അദ്ദേഹത്തിന്റെ മൃതശരീരം വാകത്താനത്തു കൊണ്ടു വരികയും പല പട്ടക്കാരുടെയും ശെമ്മാശന്മാരുടെയും അകമ്പടിയോടു കൂടെ മാര്‍ പീലക്സീനോസ് മെത്രാപ്പോലീത്തായാല്‍ സംസ്കരിക്കപ്പെടുകയും ചെയ്തു.

വാകത്താനത്തു കൈതയില്‍ കോര

കൊല്ലാട്ടു കൈതയില്‍ ചാക്കോയുടെ നാലാമത്തെ പുത്രന്‍ കോര 1800-ല്‍ ജനിച്ചു. വാകത്താനത്തു മടത്തിറമ്പില്‍ ഏലിയാമ്മയെ വിവാഹം കഴിച്ചു. അദ്ദേഹത്തിനു കൈതയില്‍ വറുഗീസ് എന്നൊരു പുത്രനും രണ്ടു പുത്രികളുമാണുണ്ടായിരുന്നത്. ഭാര്യ മടത്തിറമ്പില്‍ വീട്ടില്‍ ഏക സന്താനമായിരുന്നതിനാല്‍ ആ വീടിനു തൊട്ടടുത്തുള്ള പറമ്പില്‍ വഴിയരികിലായി വീടുവച്ചു താമസിച്ചു. കച്ചവടം നടത്തി മുതല്‍ സമ്പാദിച്ചു. ക്രമേണ അണ്ണവട്ടത്തു സ്ഥലവും കടവില്‍ കുറെ നിലവും കുറെ കിഴക്കുമാറി വെണ്മണി പറമ്പും ചായക്കാരന്‍പറമ്പും വാങ്ങി. അതിനു ശേഷം മണികണ്ഠപുരം അമ്പലത്തിനു വടക്കു ഒരേക്കര്‍ മറ്റനിലം വാങ്ങി കരിമ്പുകൃഷി നടത്തി. വേറെ ചില പുരയിടങ്ങളും പിന്നീടു വാങ്ങി. കോരയുടെ പുരോഗതിയും ഉയര്‍ച്ചയും ഭാര്യവീട്ടുകാരുടെ അസൂയയ്ക്ക് വിഷയമാകുകയും അവരുമായി അസ്വാരസ്യത്തിലാകുകയുമുണ്ടായി. തന്മൂലം കോര ആ ദിക്കുവിട്ട് അണ്ണവട്ടത്തു താമസമാക്കി കൃഷികാര്യാദികളില്‍ ബദ്ധശ്രദ്ധനായി.

ആയിടെ, സഹോദരനായ ഗീവര്‍ഗീസ് മല്പാന്‍ വാകത്താനത്തു വന്നു താമസിക്കയും അന്നാട്ടുകാര്‍ പുതുപ്പള്ളി വരെ പോകുന്ന പതിവു നിര്‍ത്തി സ്വന്തമായ ഒരു പള്ളി വയ്ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പ്രധാന കുടുംബങ്ങളുമായി ആലോചനകള്‍ നടത്തുകയും ചെയ്തു. പള്ളിപ്പണിക്കു ധനശേഖരണത്തിനായി ഓരോ വീട്ടുകാര്‍ക്കും ഇത്ര ഇത്ര ഓഹരിയെന്നു നിശ്ചയിച്ചു. വെട്ടിയില്‍ (എണ്ണശ്ശേരി) കുടുംബത്തിന് രണ്ട് ഓഹരി, പ്ളാപ്പറമ്പില്‍, വള്ളിക്കാട്, കൈതയില്‍ എന്നീ വീട്ടുകാര്‍ക്ക് ഓരോ ഓഹരി എന്നു നിര്‍ണ്ണയിച്ച് അവരെല്ലാം ചേര്‍ന്നുണ്ടാക്കിയ ഉടമ്പടി പില്‍ക്കാലത്ത് പേരഞ്ചും പേരേട് എന്നറിയപ്പെട്ടു. ഉടമ്പടിയനുസരിച്ച് പണം പിരിക്കയും ഗീവര്‍ഗീസ് മല്പാന്റെ മേല്‍നോട്ടത്തില്‍ പള്ളിപണി നടത്തുകയും ചെയ്തു. പള്ളിയുടെ വടക്കു കിഴക്കേ മൂലയിലുള്ള കിണര്‍, കോര സ്വന്തം ചെലവില്‍ വെട്ടിച്ചു.

പള്ളിക്കു സമീപമുള്ള അണ്ണവട്ടത്തു താമസിക്കുന്ന കാലത്ത് ഭാര്യ മരിച്ചു. ഭാര്യാബന്ധുക്കള്‍ കൂടുതല്‍ വൈരാഗ്യബുദ്ധിയോടെ കോരയ്ക്കെതിരായി ദ്രോഹകൃത്യങ്ങള്‍ തുടങ്ങി. കോര കണ്ണന്‍ചിറ പുല്ലുകാട്ട് അന്നമ്മയെ പുനര്‍വിവാഹം കഴിച്ചത് ശത്രുത വര്‍ദ്ധിക്കാനിടയാക്കി. കുഴപ്പങ്ങള്‍ ശമിപ്പിക്കുന്നതിന് അകന്നു താമസിക്കുകയാണു നല്ലതെന്നു തോന്നുകയാല്‍ തെക്കുമാറി കൊക്കോട്ടു പുരയിടം വാങ്ങി അവിടെ താമസമായി. അടുത്തുള്ള മുക്കാല്‍ ഭാഗം വസ്തുക്കളും കോര സമ്പാദിച്ചതാണ്.

കോരയ്ക്കു കൊല്ലാട്ട് പൈതൃകവീതമായി കിട്ടിയ നിലത്തും കൃഷി നടത്തി വന്നു. കൊക്കോട്ടു താമസമാക്കിയ ശേഷം ആ കൊല്ലം വിത്തുമായി കൊല്ലാട്ടു ചെന്നപ്പോള്‍ സ്വന്തം സഹോദരന്മാര്‍ അവിടം കണ്ടം വിതച്ചു കഴിഞ്ഞതായി കണ്ടു.

Filed in: vakathanam-church-history
© 2019 St. John's Orthodox Syrian Church. All rights reserved. .