വാകത്താനത്തു പള്ളി ചരിത്രം

സ്ഥലപരിശോധനാര്‍ത്ഥം ശങ്കരമേനോന്‍ വാകത്താനത്തു വരികയും ആ സ്ഥലത്തിനടുത്ത് അമ്പലങ്ങള്‍ ഉള്ളതിനാല്‍ അനുവദിച്ചു കൊടുക്കരുതെന്നുള്ള നായന്മാരുടെ വാദത്തെ അവഗണിച്ച് സ്ഥലം അളന്നു തിട്ടപ്പെടുത്തി മേലാവിലേക്ക് എഴുതി അയക്കുകയും ചെയ്തു. അതിനനുസരിച്ചായിരുന്നു വാകത്താനത്തു പള്ളിക്ക് അനുമതി ലഭിച്ചത്. വാകത്താനത്ത് ഒരു പള്ളി സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയേയും അതിനു ഗവണ്‍മെന്റില്‍ നിന്നു ലഭിച്ച അനുമതിയേയും പറ്റി 1023-ല്‍ ചേപ്പാട്ടു മെത്രാപ്പോലീത്തായെന്ന പേരില്‍ അറിയപ്പെട്ടു വരുന്ന മാര്‍ ദീവന്ന്യാസ്യോസിനെ ജനങ്ങള്‍ അറിയിക്കുകയും അദ്ദേഹം മുറപ്രകാരം മാര്‍ കൂറിലോസിനെ (യുയാക്കീം മാര്‍ കൂറിലോസ്) അറിയിക്കുകയും ചെയ്തു. മാര്‍ കൂറിലോസ് താഴത്തു സ്കറിയാ കത്തനാര്‍ക്ക് താഴെപ്പറയുന്ന കല്പന അയച്ചു.

മലയാളത്തിനുടെ

മാര്‍ കൂറിലോസ് യെഹുയാക്കീം മെത്രാപ്പോലീത്തായില്‍ നിന്ന്

നമ്മുടെ പ്രിയപുത്രന്‍ പുതുപ്പള്ളിയില്‍ താഴത്തു സ്കറിയാ കത്തനാര്‍ക്കു വാഴ്വ്.

വാകത്താനത്തുവെട്ടിപ്പറമ്പില്‍ സ്കറിയാ മുതല്‍പേര്‍ ഒരു പള്ളി വയ്പിക്കുന്നതിന് എഴുതി ബോധിപ്പിച്ച് സര്‍ക്കാര്‍ അനുവദിച്ചു വന്നിട്ടുള്ളതും അവിടെ ഒരു പള്ളി കെട്ടി ഒരുക്കിയിരിക്കുന്നതിനാല്‍ ആ സ്ഥലത്തു നീ ചെന്ന് കല്ലിട്ടു കൊടുത്ത് അവരുടെ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കുന്നതിന് കല്പന കൊടുക്കണമെന്ന് അവര്‍ നമ്മുടെയടുക്കല്‍ അപേക്ഷിച്ചിരിക്കകൊണ്ട് ഈ കല്പന അയയ്ക്കുന്നതു കൂടാതെ പ്ളാപ്പറമ്പില്‍ തൊമ്മന്‍ മുതല്‍പേരുടെ പറ്റില്‍ അവിടെ സ്ഥാപിക്കുന്നതിനായി 13 കല്ല് റൂശ്മാ ചെയ്ത് കൊടുത്തയയ്ക്കുന്നു. ആയതു വന്നു ചേര്‍ന്നാലുടന്‍ അവിടെച്ചെന്ന് കല്ലിട്ട് അവരുടെ ദിഷ്ടതികള്‍ നടത്തിച്ചു കൊടുത്ത് ആ വിവരത്തിന് എഴുതി അയയ്ക്കണമെന്ന് 1847ക്കു കൊല്ലം 1023-ാമാണ്ട് തുലാമാസം 25-ാം തീയതി കരിങ്ങാശ്ര പള്ളിയില്‍ നിന്നും.

തന്റെ സഹോദരനായ വലിയകയത്തില്‍ ഉലഹന്നാനെ കൂടെ പള്ളിയുടെ പ്രാരംഭ പ്രവര്‍ത്തകന്മാരില്‍ ഒരാളാക്കിയാല്‍ താന്‍ കല്ലിട്ടു കൊടുക്കാമെന്ന് താഴത്തു കത്തനാര്‍ പറഞ്ഞു. പക്ഷേ, അതു പാടെ തള്ളിക്കളകയാണു ചെയ്തത്.

കുറേക്കഴിഞ്ഞ് പുതുപ്പള്ളിയില്‍ പട്ടരുമഠത്തില്‍ തൊമ്മന്‍ചാക്കോ കത്തനാര്‍ വാകത്താനത്ത് ഒരു അടിയന്തരം കഴിപ്പാനായി വന്നപ്പോള്‍ പള്ളിക്കു കല്ലിട്ടു തരണമെന്ന് ജനങ്ങള്‍ അദ്ദേഹത്തോടപേക്ഷിച്ചു. വാകത്താനത്തു താമസിച്ചു കാലയാപനം ചെയ്യുന്നതിന് ആവശ്യമുള്ള വീടും നിലവും പുരയിടങ്ങളും കൊടുത്താല്‍ അപ്രകാരം ചെയ്യാമെന്ന് അദ്ദേഹം സമ്മതിച്ചു. അദ്ദേഹം വാഗ്ദാനം ചെയ്തതനുസരിച്ച് കൊച്ചുകേരില്‍ കുര്യന്‍ മുതല്‍പേര്‍ ബസ്കിയാമ്മയേയും വീട്ടുസാമാനങ്ങളും കൊണ്ടു പോരുന്നതിനായി രണ്ടു വലിയ വള്ളങ്ങളോടു കൂടെ പുതുപ്പള്ളിയില്‍ ചെന്നു. താഴത്തു കത്തനാരെ ഭയന്ന് ചാക്കോ കത്തനാര്‍ തന്റെ വാഗ്ദത്തത്തെ നിവൃത്തിച്ചില്ല. എന്നു മാത്രമല്ല, ആ സംഗതി പുതുപ്പള്ളിയില്‍ ആരും അറിയാതിരിപ്പാന്‍ അവര്‍ ശീഘ്രം തിരിച്ചു പോകണമെന്ന് നിര്‍ബ്ബന്ധിക്കുകയും ചെയ്തു. ആ ആണ്ടില്‍ത്തന്നെ ജനനപ്പെരുന്നാളിന്റെ പിറ്റേനാള്‍ വെള്ളിയാഴ്ച വള്ളിക്കാട്ടു വര്‍ക്കി, പഴയാറ്റുങ്കല്‍ ചെറിയ, വെട്ടിപ്പറമ്പില്‍ സ്കറിയാ, പ്ളാപ്പറമ്പില്‍ തൊമ്മന്‍, തുഞ്ചെത്ത് ഇട്ട്യവിരാ, എണ്ണശ്ശേരില്‍ വറുഗീസ്, കൈതയില്‍ കോര ആദിയായവര്‍ ഒരുമിച്ചു കൂടി മേല്‍ നടക്കേണ്ട കാര്യങ്ങളെ പറ്റി ആലോചിച്ചു. തങ്ങളുടെ ഉദ്ദിഷ്ട സാഫല്യത്തിനായി തെക്കെ പഴയാറ്റുങ്കല്‍ ഒരു നേര്‍ച്ച കഴിച്ചു. കൊച്ചേരില്‍ കുര്യന്‍ പുതുപ്പള്ളിയില്‍ പോയി പള്ളി പിരിഞ്ഞയുടനെ പട്ടരുമഠത്തില്‍ കത്തനാരെ കൊണ്ടു വന്നു. അടിയന്തിരം കഴിഞ്ഞപ്പോള്‍ മേല്‍പറഞ്ഞവര്‍ ഒത്തുകൂടി പള്ളിക്കു കല്ലിട്ടു തരണമെന്നും അതിന് അദ്ദേഹം വഴിപ്പെടാത്തപക്ഷം അവര്‍ തന്നെ കല്ലിട്ടിട്ട് അദ്ദേഹം കല്ലിട്ടെന്നു പ്രസ്താവിക്കുമെന്നും പറഞ്ഞു. പള്ളിക്ക് കല്ലിടുന്നതിന് ആവശ്യമുണ്ടായിരുന്ന സാമാനങ്ങള്‍ അന്നു തന്നെ ഉണ്ടാക്കുകയോ കുറുമ്പനാടത്തു റോമ്മാ പള്ളിയില്‍ നിന്ന് ഇരവല്‍ വാങ്ങിക്കുകയോ ചെയ്തു. ആ മാസത്തില്‍ തന്നെ സ്വര്‍ഗ്ഗാധിപപുത്രന്റെ ജനനപ്പെരുന്നാളിന്റെ രണ്ടാംപക്കം ദീര്‍ഘനാള്‍ ദീക്ഷിച്ചിരുന്ന ശിലാസ്ഥാപനം പട്ടരുമഠത്തില്‍ ചാക്കോ കത്തനാര്‍ തന്നെ നടത്തുകയും തദനന്തരം നാല്പതു ദിവസം കുര്‍ബ്ബാന ചൊല്ലുകയും ഓരോ വീട്ടില്‍ നേര്‍ച്ച കഴിക്കുകയും ചെയ്തു. ഏതു വിശുദ്ധന്റെ നാമത്തിലാണു പള്ളി സ്ഥാപിക്കേണ്ടത് എന്നതിനെ പറ്റി പ്രവര്‍ത്തകന്മാരുടെയിടയില്‍ ഒരു സംവാദം നടന്നു. ചിലര്‍ പുതുപ്പള്ളിപ്പള്ളിയിലെപ്പോലെ ഗീവറുഗീസ് സഹദായുടെ നാമത്തില്‍ വേണമെന്നും മറ്റു ചിലര്‍ യോഹന്നാന്‍ മാംദാനയുടെ നാമത്തില്‍ വേണമെന്നും അഭിപ്രായപ്പെട്ടു. എല്ലാവരും കൂടി ചീട്ടിട്ടതില്‍ യോഹന്നാന്‍ സ്നാപകന്റെ പേരു വന്നു. പിന്നീടു പള്ളി പണിയേണ്ടിയ കണക്കിനെപ്പറ്റി തര്‍ക്കിച്ചു. പുതുപ്പള്ളിപ്പള്ളിയുടെ കണക്കു മതിയെന്നു ചിലര്‍ പറഞ്ഞെങ്കിലും രണ്ടു കോല്‍ നീളം കൂടുതല്‍ വേണമെന്നാണ് തീര്‍ച്ചയാക്കിയത്. കല്പണി തുടങ്ങി അധികം താമസിയാതെ മാര്‍ കൂറീലോസ് ബാവായെ കോലാഹലത്തോടു കൂടെ വാകത്താനത്തേയ്ക്ക് എതിരേറ്റു കൊണ്ടു വന്നു. പലസ്തീനിലെ ശില്പവിദ്യാ മാതൃകയനുസരിച്ച് മദ്ബഹാ ചതുര്‍ക്കോണായി കെട്ടിപ്പൊക്കി ഒരു മുനയില്‍ അവസാനിപ്പിക്കണമെന്നും അയ്ക്കലാവളപുരയുടെ ആകൃതിയില്‍ പണിയണമെന്നും അതിന്റെയും ഉപരിഭാഗം വെണ്മാടമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍, മലബാറിലെ അതീതമായ വൃഷ്ടിപാതം നിമിത്തം വെണ്മാടപ്പണി സുസ്ഥിരമായിരിക്കയില്ലെന്ന് പറഞ്ഞതിനാല്‍ മദ്ബഹാ മാത്രം അങ്ങനെ പണിയിച്ചാല്‍ മതി എന്ന് അദ്ദേഹം സമ്മതിച്ചു.

Filed in: vakathanam-church-history
© 2019 St. John's Orthodox Syrian Church. All rights reserved. .