വാകത്താനത്തു പള്ളി ചരിത്രം

വെട്ടിയില്‍പറമ്പില്‍ ഉലഹന്നാന്റെയും സ്കറിയായുടെയും പ്ളാപ്പറമ്പില്‍ തൊമ്മന്റെയും വള്ളിക്കാട്ടു കളപ്പുരയ്ക്കല്‍ പുന്നൂസിന്റെയും 1020 മുതല്‍ 1023 വരെയുള്ള പള്ളിക്കണക്കുകള്‍ പരിശോധിക്കുന്നതിന് കൊച്ചുപറമ്പില്‍ പുന്നൂസ്, കാരിക്കോട്ട് ഇട്ടിയവിരാ, കളപ്പുരയ്ക്കല്‍ ഇട്ടിയവിരാ എന്നിവരെ നിയമിച്ചു. 1023 കര്‍ക്കടകം 25-ാം തീയതി പള്ളിയുടെ ഭിത്തിപണി ആരംഭിച്ചു. പള്ളിപണിയുടെ നടത്തിപ്പ് വെട്ടിയില്‍ സ്കറിയാ, കളപ്പുരയ്ക്കല്‍ ഇട്ടിയവിരാ, കൊച്ചുപറമ്പില്‍ പുന്നൂസ്, കാരുചിറെ പുന്നൂസ് എന്നിവര്‍ വഹിക്കുകയും ഒടുവില്‍ പറഞ്ഞ രണ്ടു പേര്‍ കണക്കെഴുതി സൂക്ഷിക്കുകയും ചെയ്തു. 1024 ഇടവം 12-ാം തീയതി കല്ലാശാരികള്‍ മദ്ബഹായുടെ ആണിക്കല്ലിടുകയും അവര്‍ക്കു സമ്മാനം കൊടുക്കുകയും ചെയ്തു. മദ്ബഹായുടെ വെള്ളയിടീലും ഹൈക്കലായുടെ ശീലാന്തികള്‍ വരെയുള്ള ഭിത്തിപണിയും തീര്‍ന്നപ്പോള്‍ തല്‍ക്കാലത്തേയ്ക്ക് ഒരു മേല്പുര കെട്ടി. കൈതയില്‍ കോര പള്ളിയുടെ വടക്കു കിഴക്കേ മുറ്റത്ത് ഒരു കിണറു കുഴിപ്പിച്ചു. മിഥുനം 27-ാം തീയതി മാര്‍ കൂറിലോസു ബാവാ പള്ളി കൂദാശ ചെയ്യുകയും ജനങ്ങള്‍ സന്തോഷ ഭരിതരായി തീരുകയും ചെയ്തു.

മറ്റിടവകകളില്‍ നിന്ന് പട്ടക്കാരെ കിട്ടുന്നതിനുള്ള പ്രയാസത്തെ പരിഹരിക്കുന്നതിനായി ഏതാനും കുട്ടികള്‍ക്കു ശെമ്മാശുപട്ടം കൊടുക്കുന്നതിനു താന്‍ നിശ്ചയിച്ചിരിക്കുന്നു എന്നും അതിനായി കുട്ടികളെ തെരഞ്ഞെടുപ്പീന്‍ എന്നും ബാവാ കല്പിച്ചു. ആദ്യം ഒരുത്തരും മുമ്പോട്ടു വന്നില്ല. കുറെ നേരം ആലോചിച്ചതിനു ശേഷം ഫാദര്‍ പട്ടരുമഠത്തിന്റെ പുത്രനായ കുര്യനേയും പഴയാറ്റുങ്കല്‍ ചെറിയയുടെ മകനായ വറുഗീസിനേയും എണ്ണശ്ശേരില്‍ വറുഗീസിന്റെ പുത്രനായ കുര്യനേയും ജനങ്ങള്‍ തിരഞ്ഞെടുക്കുകയും അവര്‍ക്കു ദേശകുറി കൊടുക്കുകയും ചെയ്തു. (പിന്നീട് കളപ്പുരയ്ക്കല്‍ പുന്നൂസിനും) ആ ദിവസം കാരുചിറ പൌലോസ് ജലദോഷം നിമിത്തം കിടപ്പായിരുന്നു. അദ്ദേഹത്തെ കൊണ്ട് ഒപ്പിടുവിക്കുന്നതിനായി ഫാദര്‍ പട്ടരുമഠവും കൂട്ടരും കാരുചിറെ ചെന്നു. യാതൊരു തടസ്സവും പറയാതെ അയാള്‍ ഒപ്പിട്ടു കൊടുക്കുകയും അവര്‍ തിരിച്ചു പോകയും ചെയ്തു. വാകത്താനം ഇടവകയിലെ ജനങ്ങളെ വരുത്തി കളപ്പുരയ്ക്കല്‍ തൊമ്മിയുടെ മകന്‍ പുന്നൂസിനും കൂടെ പട്ടം കൊടുക്കുന്നതിനു സമ്മതം വാങ്ങി. പട്ടരുമഠത്തില്‍ കത്തനാരുടെ പുത്രന് ബാവാ കോട്ടയം ചെറിയ പള്ളിയില്‍ വെച്ച് ശെമ്മാശുപട്ടം കൊടുത്തു. എണ്ണശ്ശേരിലെയും പഴയാറ്റുങ്കലേയും കുട്ടികളെ ബാവാ അദ്ദേഹത്തിന്റെ കൂടെ കൊണ്ടു പോയി. മാര്‍ കൂറീലോസ് മാര്‍ സ്തേപ്പാനോസ് അത്താനാസ്യോസ് എന്നീ വിദേശീയര്‍ അവരെ സുറിയാനി പഠിപ്പിച്ചു. കല്ലുങ്കത്ര, കൊച്ചി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം കുറുപ്പുപോക്കലെത്തി അവിടെ വച്ച് വൃശ്ചികം 24-ാം തീയതി സുബറാ ഞായറാഴ്ച അദ്ദേഹം കുട്ടികള്‍ക്കു ശെമ്മാശുപട്ടം നല്‍കി. ശെമ്മശന്മാരെ സുറിയാനി ക്രമങ്ങള്‍ പഠിപ്പിക്കുന്നതിന് തോട്ടത്തില്‍ മല്പാനെ ഏല്പിച്ചതിന്റെ ശേഷം അദ്ദേഹം അങ്കമാലി, അകപ്പറമ്പ് മുതലായ സ്ഥലങ്ങളിലേക്കു യാത്ര ചെയ്തു. എന്നാല്‍ ശെമ്മാശന്മാര്‍ക്ക് ആ ദിക്കിലെ വെള്ളം പിടിക്കാതെ വന്നതിനാല്‍ ബാവായുടെ അനുമതിയോടു കൂടെ അവര്‍ വാകത്താനത്തേയ്ക്കു തിരിച്ചു പോന്നു. അവര്‍ കുറിച്ചിയില്‍ ചെന്ന് കൈതയില്‍ ഗീവറുഗീസ് മല്പാന്റെ കീഴില്‍ പഠിച്ചു. പട്ടര്‍മഠം ശെമ്മാശ് കോട്ടയത്ത് ഇടവഴിക്കല്‍ താമസിച്ച് സുറിയാനി പഠിച്ചു.

1026 മകരത്തില്‍ ഫാദര്‍ പട്ടരുമഠം (ശെമ്മാശന്റെ പിതാവ്) സര്‍പ്പദംശനത്താല്‍ നിര്യാതനായി. വാകത്താനത്തു പള്ളിക്കകത്തു ശവമടക്കിക്കൂടാ എന്നു ബാവാ വിരോധിച്ചതിനാലും ശവക്കോട്ടയില്‍ പട്ടക്കാര്‍ക്കായി പ്രത്യേക സ്ഥലം തിരിച്ചിട്ടില്ലാതിരുന്നതിനാലും അദ്ദേഹത്തെ പുതുപ്പള്ളി പള്ളിവക സ്ഥലത്ത് അടക്കേണ്ടി വന്നു. ആ സമയം പുതുപ്പള്ളിയിലുണ്ടായിരുന്ന പട്ടക്കാര്‍ അവരുടെ വയസ്സുമുറയ്ക്ക് ഞായറാഴ്ച തോറും വാകത്താനത്തു വന്ന് കര്‍മ്മങ്ങള്‍ നടത്തിക്കൊള്ളാമെന്നു സമ്മതിച്ചു. അപ്പോള്‍ താഴത്തെ വയസന്‍ കത്തനാര്‍ മരിച്ചു പോയതൊഴികെ അവിടെ അഞ്ചു പട്ടക്കാര്‍ ഉണ്ടായിരുന്നു. ഫാദര്‍ കാരാപ്പുഴയായിരുന്നു അവരില്‍ തലവന്‍. കുട്ടഞ്ചിറെ ചാണ്ടിക്കത്തനാര്‍ അവരില്‍ ഒരുവനായിരുന്നു: അദ്ദേഹത്തെ വാകത്താനത്തു പള്ളിയില്‍ നിന്നു ബഹിഷ്കരിക്കുന്നതിനായി ശേഷം നാലുപേരും കൂടി കൂട്ടുണ്ടാക്കി. അദ്ദേഹത്തെ വാകത്താനത്തു പള്ളിയില്‍ ചൊല്ലിച്ചാല്‍ അവര്‍ അവിടെ കേറുകയില്ലെന്നു മര്‍ക്കടമുഷ്ടി പിടിച്ചു. ഈ വാദം അവരുടെ ആദ്യ സമ്മതത്തിനെതിരാണല്ലോ എന്നു ജനങ്ങള്‍ പറഞ്ഞു. ഇങ്ങനെയിരിക്കെ ഫാദര്‍ ചാണ്ടിയുടെ പിതാവ് മരിക്കുകയും അദ്ദേഹത്തിന്റെ മൃതശരീരം പുതുപ്പള്ളിയില്‍ അടക്കപ്പെടുകയും ചെയ്തെങ്കിലും അദ്ദേഹത്തിന്റെ പേര്‍ക്കുള്ള കുര്‍ബ്ബാന ചാണ്ടിക്കത്തനാരെ കൊണ്ട് ചൊല്ലിക്കയില്ലെന്നു അവര്‍ ശഠിച്ചു. നീചവും പൈശാചികവുമായ ഈ എതിര്‍പ്പില്‍ നിന്നു വിടുതല്‍ കിട്ടുവാന്‍ ഫാദര്‍ ചാണ്ടി വാകത്താനത്തു വന്നു താമസിച്ച് നാല്പത്തൊന്നു ദിവസം കുര്‍ബ്ബാന ചൊല്ലി. അതു നിമിത്തം ശേഷം കത്തനാരന്മാര്‍ നമ്മുടെ പള്ളിയില്‍ കയറാതായി. ഫാദര്‍ ചാണ്ടി ആലപ്പുഴ, തിരുവനന്തപുരം മുതലായ സ്ഥലങ്ങളില്‍ കേസുകള്‍ നടത്തി കൊണ്ടിരുന്നതിനാല്‍ അദ്ദേഹവും പള്ളിവിട്ടു പോകയും നമ്മുടെ പള്ളി അനാഥാവസ്ഥയിലാകുകയും ചെയ്തു. തല്‍പരിഹാരാര്‍ത്ഥം കൈതയില്‍ മല്പാനെ നിയമിച്ചു കൊടുക്കണമെന്ന് ജനങ്ങള്‍ കൂറീലോസു ബാവായോട് അപേക്ഷിക്കുകയും ബാവാ അപ്രകാരം ചെയ്കയും ചെയ്തു. 1027-ല്‍ മല്പാന്‍ വാകത്താനത്തു വന്നു. സമര്‍ത്ഥനും ഉത്സാഹിയുമായിരുന്നു അദ്ദേഹം. ശെമ്മാശന്മാരെ പഠിപ്പിക്കുകയും പള്ളിക്കാര്യങ്ങള്‍ ഭദ്രമായി നടത്തുകയും ചെയ്തു. ജനങ്ങളില്‍ നിന്ന് ഒരു പിരിവെടുത്ത് പള്ളിവകയ്ക്ക് മണി, ഓട്ടുപാത്രങ്ങള്‍, വിളക്ക്, ധൂപക്കുറ്റി മുതലായ ഉപകരണങ്ങള്‍ അദ്ദേഹം ഉണ്ടാക്കിച്ചു. പള്ളിയുടെ തെക്കുവശത്തുണ്ടായിരുന്ന കാടു തെളിപ്പിച്ച് കൃഷി ചെയ്ത് പള്ളിയുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് മാര്‍ഗ്ഗങ്ങള്‍ അദ്ദേഹം ഉണ്ടാക്കി.

Filed in: vakathanam-church-history
© 2019 St. John's Orthodox Syrian Church. All rights reserved. .