വാകത്താനത്തു പള്ളി ചരിത്രം

കൊല്ലവര്‍ഷം 1027 സുറിയാനി സഭാ ചരിത്രത്തില്‍ ഗൌരവതരമായ ചില സംഭവങ്ങളുടെ ഒരു ആണ്ടായിരുന്നു. ചിരകാലത്തെ പ്രയതിനത്തിന്റെ ഫലമായി മാരാമണ്ണുകാരന്‍ മാത്യൂസ് അത്താനാസ്യോസ് മെത്രാപ്പോലീത്തായ്ക്ക് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവില്‍ നിന്ന് തിരുവെഴുത്തു വിളംബരം ലഭിച്ചു. മാര്‍ അത്താനാസ്യോസ് പാലക്കുന്നത്തു കുടുംബത്തിലെ ഒരംഗമായിരുന്നതിനാല്‍ പാലക്കുന്നത്തു മെത്രാന്‍ എന്ന പേരിനാല്‍ അറിയപ്പെട്ടു പോരുന്നു. ചര്‍ച്ച് മിഷനറിമാരുടെ മേല്‍നോട്ടത്തില്‍ അക്കാലത്തെ സുറിയാനി സിമ്മനാരി (സി.എം.എസ്. കോളേജ്)യില്‍ ഇംഗ്ളീഷ് പഠിച്ചതിന്റെ ശേഷം കൂടുതല്‍ വിദ്യാഭ്യാസം ചെയ്യുന്നതിനായി മദ്രാസ് ഫ്രീ ചര്‍ച്ച് സ്ക്കൂളില്‍ മാത്യൂസ് ശെമ്മാശന്‍ ചെന്നു ചേര്‍ന്നു. പഠിത്തത്തില്‍ അതിസമര്‍ത്ഥനായിരുന്നു എങ്കിലും അദ്ദേഹം ഒരു ദുര്‍മാര്‍ഗ്ഗിയായിരുന്നു. തന്മൂലം ആ വിദ്യാലയത്തില്‍ നിന്ന് അദ്ദേഹം ബഹിഷ്കരിക്കപ്പെട്ടു. സ്വഭവനത്തില്‍ താമസിച്ചു കൊണ്ടിരുന്നപ്പോള്‍ ദുര്‍മാര്‍ഗ്ഗഹേതുവാല്‍ സ്വപിതാവില്‍ നിന്ന് പ്രഹരം ഏല്ക്കുന്നതിന് അദ്ദേഹത്തിനു സംഗതിയായി. അതു കൊണ്ട് അദ്ദേഹം വീടു വിട്ട് ബാസല്‍ മിഷന്‍കാരുടെ ജോലിസ്ഥലമായ മംഗലാപുരത്തേയ്ക്കു പോയി. അവരുടെ സഹായത്താല്‍ അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ അന്നത്തെ ആസ്ഥാനമായിരുന്ന മര്‍ദ്ദീനില്‍ അദ്ദേഹമെത്തി. താന്‍ ഒരു കശീശായാണെന്ന് ബാവായെ തെറ്റിദ്ധരിപ്പിച്ചും മലയാളത്തുള്ള സുറിയാനിക്കാരുടേതായി ഒരു കൃത്രിമ സമ്മതപത്രം ഹാജരാക്കിയുമാണ് വിശുദ്ധ പിതാവില്‍ നിന്ന് അദ്ദേഹം മെത്രാപ്പട്ടം കൈക്കൊണ്ടത് എന്നു ചിലര്‍ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ പാഠവപാടവാദികളില്‍ തിരുമനസ്സില്‍ നിന്നു കണ്ട് തൃപ്തിപ്പെട്ട് മെത്രാപ്പട്ടം നല്‍കി. സ്വാതിതിരുനാളിന്റെ വാഴ്ചയില്‍ കൊല്ലവര്‍ഷം 1018-ല്‍ അദ്ദേഹം മലങ്കരെ വന്നു ചേര്‍ന്നു. ചേപ്പാട്ടു മാര്‍ ദീവന്നാസ്യോസ് സമര്‍ത്ഥനായ ഒരാള്‍ അല്ലാതിരുന്നതു കൊണ്ട് മലങ്കര മെത്രാപ്പോലീത്തായുടെ അധികാരം മുഴുവന്‍ കരസ്ഥമാക്കുന്നതിന് മാര്‍ അത്താനാസ്യോസിന് അധികം പ്രയാസപ്പെടേണ്ടി വന്നില്ല. അദ്ദേഹം പ്രൊട്ടസ്റന്റ് മതത്തോടു പ്രതിപത്തിയുള്ള ഒരാളായിരുന്നു. അതു കൊണ്ട് പ്രസ്തുത മതവിശ്വാസാചാരങ്ങള്‍ സുറിയാനി സഭയില്‍ പ്രവേശിപ്പിക്കുന്നതിനു ശ്രമിച്ചു. ഇതേപ്പറ്റി അദ്ദേഹത്തിന്റെ വൈരികള്‍ പാത്രിയര്‍ക്കീസിന് എഴുതി അയച്ചു. അദ്ദേഹം മേല്പട്ടം ഏറ്റപ്പോള്‍ ഒരു ശെമ്മാശന്‍ ആയിരുന്നു എന്നും അവര്‍ പാത്രിയര്‍ക്കീസിനെ അറിയിച്ചു. ബാവാ മാര്‍ കൂറിലോസിനേയും അദ്ദേഹത്തിന്റെ പിന്നാലെ മാര്‍ അത്താനാസ്യോസു സ്തേപ്പാനോസിനേയും കല്പനകള്‍ കൊടുത്ത് മലങ്കരെ അയച്ചു. മാര്‍ അത്താനോസ്യോസിനെ മുടക്കിയ കല്പനയും അതേപ്പറ്റി ഗവണ്‍മെന്റിലേക്കുള്ള അറിയിപ്പും ആയിരുന്നു കല്പനകളില്‍ പ്രധാനമായവ. ഗവണ്‍മെന്റിലേക്കുള്ള എഴുത്ത് ദിവാനായിരുന്ന കൃഷ്ണരായരുടെ കൈയില്‍ കൊടുത്തു. ഇതിനെ അവഗണിച്ചായിരുന്നു മാര്‍ അത്താനാസ്യോസിനെ എല്ലാ പുത്തന്‍കൂര്‍ സുറിയാനിക്കാരും കീഴ്വഴങ്ങിക്കൊള്ളണമെന്ന് മഹാരാജാവ് തിരുവെഴുത്തു വിളംബരം കൊടുത്തത്. ഇതിങ്കല്‍ മാര്‍ സ്തേപ്പാനോസ് ഇംഗ്ളണ്ടില്‍ ചെന്ന് ബഹുമാനപ്പെട്ട ഡയറക്ടര്‍മാരുടെ കോടതിയില്‍ അപ്പീല്‍ ബോധിപ്പിച്ച് അവരുടെ വിധിയെ പാത്രിയര്‍ക്കീസിന്റെ അടുക്കലേക്ക് കൊണ്ടു പോയി. ഈ സമയം മഹാരാജാവും റസിഡന്റ് ജനറല്‍ കല്ലനും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാതെയിരിക്കയായിരുന്നു. റസിഡന്റിന്റെ സേവകനായ കൃഷ്ണരായരായിരുന്നു ഈ വഴക്കിനെ വഹിച്ചു കൊണ്ടിരുന്ന മൃദുല അരുവി. അതിനാല്‍ രാജ്യഭരണം തീരെ കുഴങ്ങിയിരുന്നു. ഇങ്ങനെയിരിക്കുമ്പോള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് രാജ്യഭാരമേല്‍ക്കുകയും തെക്കേ ഡിവിഷന്‍ പേഷ്ക്കാരായിരുന്ന മാധവറാവു ദിവാനാകയും ചെയ്തു. തെക്ക് നാഗര്‍കോവിലില്‍ ലണ്ടന്‍ മിഷന്‍കാര്‍ ഹീനജാതികളില്‍ നിന്ന് ക്രിസ്ത്യാനികളാക്കിയ സ്ത്രീകള്‍ ഉയര്‍ന്ന ജാതിയിലുള്ള സ്ത്രീകളെപ്പോലെ വസ്ത്രധാരണം ചെയ്തു വന്നതിനാല്‍ ഉയര്‍ന്ന ജാതികള്‍ അവരെ  വളരെ ഉപദ്രവിച്ചു. ഈ വിവരം മിഷനറിമാരും ജനറല്‍ കല്ലനും മദ്രാസ് ഗവര്‍ണ്ണറെ അറിയിച്ചു. ഇതന്വേഷിച്ചറിയുന്നതിനായി ഗവര്‍ണ്ണര്‍ തിരുവനന്തപുരത്തു വന്നു. ഈ ആപല്‍ഘട്ടത്തില്‍ നിന്ന് രാജ്യം ഉല്‍ക്കര്‍ഷം പ്രാപിക്കുമെന്ന് ഗവര്‍ണ്ണരോടു പറഞ്ഞ് രാജാവിനെ രക്ഷിച്ചത് മാര്‍ അത്താനാസ്യോസ് ആയിരുന്നു. അതു കൊണ്ട് അദ്ദേഹത്തിന് തിരുവെഴുത്തു വിളംബരം ലഭിച്ചതില്‍ ഒട്ടും അതിശയിപ്പാനില്ല. കൂടാതെ കൂറിലോസ് എന്ന ഒരു പരദേശി, മെത്രാനെന്നു നടിച്ച് സഭയില്‍ കലഹമുണ്ടാക്കുന്നതിനായി ഇടവക തോറും സഞ്ചരിച്ചു വരുന്നു എന്ന് മാര്‍ അത്താനാസ്യോസ് ദിവാന്റെ പേര്‍ക്ക് എഴുതി തല്‍ഫലമായി ദിവാന്‍ കോട്ടയം തഹശീല്‍ദാര്‍ക്ക് ഒരു സര്‍ക്കുലര്‍ അയച്ചു.

നമ്പര്‍ 2455 കോട്ടയത്തു മണ്ഡപത്തില്‍ വാതുക്കല്‍ തഹശീല്‍ദാര്‍ക്കെഴുതുന്ന ഉത്തരവെന്തെന്നാല്‍ മലങ്കര ഇടവകയുടെ മാര്‍ അത്താനാസ്യോസു മെത്രാപ്പോലീത്താ തൈമാസം 28-ാം തീയതി നമ്മുടെ പേര്‍ക്ക് എഴുതിയിട്ടുള്ളതായി വന്നിട്ടുള്ള കായിതത്തില്‍ കൂറീലോസെന്നു പേരായി ഒരുത്തന്‍ മെത്രാപ്പോലീത്തായുടെ സ്ഥാനം നടിച്ചു കൊണ്ട് പള്ളികളില്‍ ഗൂഢമായി സഞ്ചരിച്ച് ജനങ്ങളെ പറഞ്ഞ് ഭേദിപ്പിക്കുകയും കുറ്റക്കാരായും മറ്റും പള്ളികളില്‍ നിന്ന് നീക്കം ചെയ്തിട്ടുള്ള ആളുകളോടു ചേര്‍ന്ന് കലഹങ്ങളും അക്രമങ്ങളും നടത്തി വരികയും ചെയ്യുന്നതിനാല്‍ പള്ളിയുടെ ചട്ടങ്ങളെ ക്രമമായി നടത്തുന്നതിനും നടത്തിക്കുന്നതിനും ഇടയില്ലാതെ തീര്‍ന്നിരിക്കുന്നു എന്നും മറ്റും കാണുന്നു. മതവിഷയമായ കാര്യത്തില്‍ ഇവിടെ നിന്നു പ്രവേശിക്കുന്നതിന് ഇടയില്ലെന്നു വരികിലും യാതൊരു അക്രമങ്ങള്‍ക്കും ഇടവരാതെ ചട്ടം കെട്ടേണ്ടത് എത്രയും ആവശ്യമാകയാല്‍ മെത്രാന്റെ അധികാരത്തില്‍പെട്ട പള്ളികളില്‍ കൂടി നടന്നു വരുന്നതിനു മനസ്സില്ലാത്തവര്‍ വേറെ പള്ളികള്‍ മുറ പോലെ കെട്ടി യാതൊരു ഉപദ്രവങ്ങളും കൂടാതെ നടക്കുകയോ മെത്രാന്റെ അധികാരത്തില്‍പെട്ട പള്ളികളില്‍ വല്ല അവകാശവുമുണ്ടെന്നു വിചാരിക്കുന്ന പക്ഷം അതിനു മുറ പോലെ അദാലത്തില്‍ ബോധിപ്പിച്ചു തീര്‍ച്ച വരുത്തി കൊള്ളുകയോ ചെയ്യുകയല്ലാതെ കീഴ്നടന്നു വരുന്നതിനു വിരോധമായി പള്ളികളിലും മറ്റും ചെന്ന് പ്രവര്‍ത്തിക്കുന്നതിന് സമ്മതിക്കയെന്നു വച്ചാല്‍ സമാധാനത്തിനു വിരോധം സംഭവിക്കുന്നതും അങ്ങനെ പ്രവര്‍ത്തിക്കുന്നവരെ നമ്പരില്‍ ചേര്‍ത്തു വിസ്തരിച്ച് തക്ക കുറ്റം കൊടുക്കുന്നതിനും ഇടവരുന്നതാകകൊണ്ട് അതിനു സംഗതി വരാതെ മേല്പറഞ്ഞ നമ്മുടെ താല്പര്യപ്രകാരം ഇരുകക്ഷിക്കാരെയും തിര്യെപ്പെടുത്തിയും തഹശീല്‍ദാര്‍ മുതലായവര്‍ അറിഞ്ഞ് ശരിയായി നടത്തിക്കുകയും എന്നിട്ടും അനുസരണമില്ലാതെ നിന്ന് പള്ളികളില്‍ ചെന്ന് കീഴ്നടപ്പിനു വിരോധമായി എന്തെങ്കിലും പ്രവര്‍ത്തിച്ചതായി മെത്രാനോ പള്ളിക്കാരോ എഴുതി അയച്ചാല്‍ ഉടനെ ആ വക ആളുകളെ വരുത്തി നമ്പരില്‍ ചേര്‍ത്ത് തക്ക കുറ്റം കൊടുത്ത് എഴുതി ബോധിപ്പിക്കുകയും ചെയ്യണം.

ഈ ചെയ്തിക്ക് എഴുതിയത് ദിവാന്‍ മാധവറാവു (ഒപ്പ്). 1038 മാശി മാസം 3-ാംതീയതി.

മാര്‍ അത്താനാസ്യോസിനു ലഭിച്ച വിളംബരത്തിന്റെയും സര്‍ക്കുലറിന്റെയും ശക്തി മൂലം ഹിന്ദുക്കളുടെ ഉപദ്രവത്തില്‍ നിന്ന് സുറിയാനിക്കാര്‍ രക്ഷപ്പെട്ടു എന്നു സമ്മതിച്ചേ തീരൂ എങ്കിലും അദ്ദേഹത്തിന്റെ സ്വേച്ഛാപ്രഭുത്വവും നവീകരണവും മിക്കവര്‍ക്കും രസിച്ചില്ല. കുന്നംകുളത്തുകാരനായ പുലിക്കോട്ടില്‍ യൌസേപ്പു കശീശായെ വടക്കര്‍ തിരഞ്ഞെടുത്തു പാത്രിയര്‍ക്കീസ് ബാവായുടെ അടുക്കല്‍ നിന്നും പട്ടെ ഏല്‍ക്കുന്നതിനായി മര്‍ദ്ദീനിലേക്ക് അയച്ചു. മാര്‍ അത്തനാസ്യോസ് തെക്കന്‍ പള്ളികളില്‍ സഞ്ചരിച്ച് അവയൊക്കെ സ്വാധീനമാക്കി. മാര്‍ അത്താനാസ്യോസിന്റെ മുളവടി ബീഭത്സമായ ഒരു ആയുധമായിരുന്നു. തന്നോട് എതിര്‍ത്തവരെ ആ ആയുധം ഉപയോഗിച്ചു കീഴ്പ്പെടുത്തുക പതിവായിരുന്നു. പഴയാറ്റുങ്കല്‍ ചെറിയ കൂറീലോസിന്റെ ഉറ്റകക്ഷിയായിരുന്നതിനാല്‍ അദ്ദേഹത്തെ സ്വസ്വാധീനത്തില്‍ കൊണ്ടു വരാമോ എന്ന് മാര്‍ അത്താനാസ്യോസ് പരീക്ഷിച്ചു. തന്റെ അന്തരം സാധിപ്പാന്‍ അടുത്തു വരികയില്ലെന്നു കണ്ടപ്പോള്‍ മെത്രാന്‍ മുളവടിയുമായി എഴുന്നേറ്റ് ‘പുലിക്കോടനു നൂറു രൂപായും എനിക്ക് അമ്പതും ഇല്ലയോടാ’ എന്നു പറഞ്ഞു കൊണ്ട് അദ്ദേഹത്തെ ഓടിച്ചു. എന്നാല്‍ പഴയാറ്റുങ്കല്‍ ചെറിയ എന്നദ്ദേഹം ചുറുക്കും ചുണയുമുള്ള ആളായിരുന്നതിനാല്‍ ആ കയ്യാപ്പായുടെ ദുരുദ്ദേശത്തെ സഫലമാക്കാതെ ആറ്റിലേക്ക് ഒരു ചാട്ടം കൊടുത്തു. മാര്‍ അത്താനാസ്യോസിനു വിളംബരം കിട്ടിയ ശേഷമായിരുന്നു കളപ്പുരയ്ക്കല്‍ തൊമ്മിയുടെ പുത്രന്‍ പുന്നൂസിനു ചാലാശ്ശേരി പള്ളിയില്‍ വെച്ച് മാര്‍ കൂറിലോസ് ശെമ്മാശുപട്ടം കൊടുത്തത്. 1028-ാമാണ്ട് മീനമാസം 28-ാം തീയതി പടിഞ്ഞാറേക്കൂറ്റു വര്‍ക്കി കത്തനാരേയും തന്റെ എഴുത്തുകാരന്‍ ഗീവറുഗീസിനേയും, ശിപായി മുത്തുക്കുറുപ്പനേയും പള്ളിക്കണക്കുകള്‍ പരിശോധിപ്പാനായി വാകത്താനത്തേയ്ക്കു മാര്‍ അത്താനാസ്യോസ് അയച്ചു. പള്ളി പിരിഞ്ഞ ശേഷം അവര്‍ കണക്കു പരിശോധന തുടങ്ങിയെങ്കിലും ഘോരമായി പെയ്തു കൊണ്ടിരുന്ന മാരി നിമിത്തം അതു പൂര്‍ത്തിയാക്കുന്നതിന് അവര്‍ക്കു സാധിച്ചില്ല. ആ സമയം പഴയാറ്റുങ്കല്‍ ചെറിയ, കളപ്പുരയ്ക്കല്‍ തൊമ്മി, കൊച്ചേരില്‍ കുര്യന്‍, ആലഞ്ചേരില്‍ തൊമ്മന്‍ എന്നിവര്‍ മാര്‍ അത്താനാസ്യോസിനെ അധിക്ഷേപിച്ച് എന്തോ സംസാരിച്ചതു കേട്ട് മുഷ്ക്കനായ മുത്തുക്കുറുപ്പന്‍ കോപിച്ച് എഴുന്നേറ്റു. അപ്പോള്‍ അവര്‍ അവിടെ നിന്നും മറഞ്ഞു കളഞ്ഞു.

Filed in: vakathanam-church-history
© 2019 St. John's Orthodox Syrian Church. All rights reserved. .