വാകത്താനത്തു പള്ളി ചരിത്രം

മാര്‍ കൂറിലോസാണ് തങ്ങള്‍ക്കു സകലവും സാധിച്ചു തന്നത് എന്നുള്ള ധാരണ വാകത്താനത്തെ ജനങ്ങളുടെയിടയില്‍ പ്രബലമായി കടന്നു കൂടിയതിനെ ഉല്‍ഘാതനം ചെയ്യാന്‍ മാര്‍ അത്താനാസ്യോസ് ശ്രമിച്ചു. ഇവരെ ഒന്നു പഠിപ്പിക്കണമെന്നു നിശ്ചയിച്ചു കൊണ്ട് അദ്ദേഹം കൈതയില്‍ മല്പാനെ 1028-ല്‍ വിളിച്ചു കൊണ്ടു പോയി പഴയ സിമ്മനാരി മല്പാനായി നിയമിച്ചു. മല്പാന്‍ അത്താനാസ്യോസിന്റെയും അദ്ദേഹത്തിന്റെ പിതൃവ്യയന്റെയും മിത്രമായിരുന്നു. അതുമൂലം വളരെ പ്രയത്നിച്ചുണ്ടാക്കിയ ഒരു പള്ളിയുടെ സമാധാനവും സംതൃപ്തിയും അസ്തമിച്ചു. പള്ളി മുടക്കത്തിലുമായി.

ഈ സമയം മാര്‍ കൂറിലോസ് ചാലാശ്ശേരിപ്പള്ളിയില്‍ ആയിരുന്നു. മാര്‍ അത്താനാസ്യോസിനു ലഭിച്ച വിളംബരത്തെപ്പറ്റി ഒട്ടും ഭയപ്പെടേണ്ട എന്ന് അദ്ദേഹം വാകത്താനംകാര്‍ക്ക് എഴുതി അയച്ച് അവരെ ധൈര്യപ്പെടുത്തി കോനാട്ടുമല്പാന്റെയും മറ്റു നേതാക്കന്മാരുടെയും സഹായത്താല്‍ അദ്ദേഹം ഒരു യോഗം വിളിച്ചു കൂട്ടി. ഒരു പിരിവെടുത്ത് അവരില്‍ ചിലര്‍ തിരുവന്തപുരത്തു ചെന്ന് മഹാരാജാവിനും ദിവാന്‍ജിക്കും റസിഡന്റിനും ഹര്‍ജി കൊടുത്തു. വെട്ടിയില്‍പറമ്പില്‍ ഉലഹന്നാനും കൊച്ചുപറമ്പില്‍ പുന്നൂസും കൂടി വേറൊരു ഹര്‍ജി ബോധിപ്പിച്ചു. അതിലെ താല്പര്യം മാര്‍ അത്താനാസ്യോസ് തങ്ങളുടെ ദൈവാലയത്തിലെ കര്‍മ്മം മുടക്കിയിരിക്കുന്നു എന്നായിരുന്നു. ഇണ്ടാസു കിട്ടുന്നതിനു താമസം നേരിട്ടതിനാല്‍ അവര്‍ തിരികെ പോന്നു. വീണ്ടും വെട്ടിയില്‍ സ്കറിയായും പഴയാറ്റുങ്കല്‍ ചെറിയയും തിരുവനന്തപുരത്തു ചെന്ന് ദിവാനെ നേരിട്ടു കണ്ട് സങ്കടം ബോധിപ്പിച്ചതിന്റെ ഫലമായി അവര്‍ക്കിഷ്ടമുള്ള പട്ടക്കാരനെ കൊണ്ട് കര്‍മ്മങ്ങള്‍ നടത്തിച്ചു കൊള്ളുന്നതിന് അദ്ദേഹം ഉത്തരവായി. കോനാട്ടു മല്പാന്‍ തന്റെ മരുമകനായ ഗീവറുഗീസു കത്തനാരേയും തൃപ്പൂണിത്തുറ മുക്കഞ്ചേരില്‍ കത്തനാരേയും വാകത്താനത്തു പള്ളിയിലേക്ക് അയച്ചു. പിന്നീടുണ്ടായ ചില സംഭവവികാസങ്ങള്‍ നിമിത്തം ഇവര്‍ രണ്ടു പേരും ഇവിടെ നിന്നും വടക്കോട്ട് യാത്രയായി. തുടര്‍ന്ന് മംഗചാലില്‍ക്കത്തനാര്‍ എന്നൊരു രാമമംഗലത്തുകാരന്‍ ഇവിടെ വന്ന് ഏതാനും ആഴ്ച കര്‍മ്മങ്ങള്‍ നടത്തി. അദ്ദേഹവും പിന്നീട് ഇവിടം ഉപേക്ഷിച്ചു പോയി.

അതിന്റെ ശേഷം ഈ സംഗതിയെപ്പറ്റി ഇടവകക്കാര്‍ മെത്രാനോട് അപേക്ഷിച്ചതില്‍ പള്ളിവരുമാനം ഉള്‍പ്പെടെ ആയിരം പണം ശമ്പളം കൊടുക്കാമെങ്കില്‍ റോമ്മാ സഭയില്‍ നിന്ന് പുത്തന്‍കൂറിലേക്കു തിരിച്ചു വന്ന ഫാദര്‍ ഒല്ലൂരിനെ അയച്ചു കൊടുക്കാമെന്നു മെത്രാന്‍ പറയുകയും പള്ളിക്കാര്‍ അതിനു സമ്മതിക്കുകയും ചെയ്തു. രണ്ടു വര്‍ഷം കഴിഞ്ഞതിന്റെ ശേഷം പട്ടര്‍മഠത്തില്‍ കുര്യന്‍ ശെമ്മാശനു മാര്‍ അത്താനാസ്യോസു കശീശാപട്ടം നല്‍കി. ഫാദര്‍ ഒല്ലൂരും കുര്യന്‍ കത്താനാരും കൂടെ കര്‍മ്മങ്ങള്‍ നടത്തി വന്നു. ഈ സമയം പഴയാറ്റുങ്കല്‍ ശെമ്മാശ്ശിനോടും എണ്ണശ്ശേരില്‍ ശെമ്മാശ്ശിനോടും ഉടമ്പടി പ്രകാരം വിവാഹം കഴിപ്പാന്‍ കൂറീലോസുബാവാ കല്പിച്ചു. ഇതനുസരിച്ച് പഴയാറ്റുങ്കല്‍ ശെമ്മാശന്‍ 1032 ചിങ്ങം 24-ാം തീയതി അയ്മനത്തു പുല്ലന്‍പ്ളായില്‍ നിന്ന് വിവാഹം കഴിച്ചു. പള്ളിക്കര പള്ളിയില്‍ വെച്ച് 1032 മിഥുനം 9-ാം തീയതി മാര്‍ കൂറിലോസ് രണ്ടു ശെമ്മാശന്മാര്‍ക്കും കശീശാ സ്ഥാനം നല്‍കി. ഫാദര്‍ പഴയാറ്റുങ്കല്‍ 1033 മകരം 9-ാം തീയതിയും ഫാദര്‍ എണ്ണശ്ശേരി 1034 ചിങ്ങം 29-ാം തീയതിയും ആഢംബരത്തോടു കൂടെ പുത്തന്‍ കുര്‍ബ്ബാന ചൊല്ലി. ഇതു നിമിത്തം 1035-ല്‍ ഫാദര്‍ ഒല്ലൂര്‍ വാകത്താനം വിട്ടു. താമസിയാതെ കളപ്പുരയ്ക്കല്‍ കത്തനാരും പുത്തന്‍ കുര്‍ബ്ബാന ചൊല്ലി. ഈ സമയം വെട്ടിയില്‍ സ്കറിയാ മരിക്കുകയും എല്ലാവരുടെയും സമ്മതപ്രകാരം ഫാദര്‍ എണ്ണശ്ശേരി കണക്കുകള്‍ കൈയേല്‍ക്കുകയും ചെയ്തു. തന്റെ ഭരണത്തില്‍ ഒരു പള്ളിക്കൂടം, ഒരു പ്രാവിന്‍ കൂട് മുതലായവ പണിയിച്ച ശേഷം 1035-ല്‍ പള്ളിമുറി പണിയുന്നതിന് ആരംഭിച്ചു.

Filed in: vakathanam-church-history
© 2019 St. John's Orthodox Syrian Church. All rights reserved. .