വാകത്താനത്തു പള്ളി ചരിത്രം

ഒരു സംഭാവനപ്പട്ടിക തയ്യാറാക്കിയതു കൂടാതെ പള്ളിയുടെ പൂമുഖത്ത് ശവം അടക്കിക്കൂടാ എന്നും അത് വടക്കുവശത്ത് ആവാം എന്നും അദ്ദേഹം നിശ്ചയിച്ചു. കുഴിക്കാണം നിരയുടെ ഭേദഗതി കണക്കാക്കാതെ ഓരോരുത്തരും യഥാശക്തി കൊടുക്കേണ്ടതാണെന്നും പട്ടക്കാര്‍ എല്ലായ്പോഴും കറുത്ത തൊപ്പി ധരിക്കണമെന്നും കറുത്തതോ ചുവന്നതോ ആയ കുപ്പായം ഉപയോഗിക്കണമെന്നും മറ്റും ഹൂദായ കാനോനെ ആസ്പദമാക്കി ഒരുടമ്പടി ഉണ്ടാക്കി. അയനി കിട്ടാത്തതു നിമിത്തം വെട്ടിയില്‍ ഉലഹന്നാന്‍ നിരാശപ്പെട്ട് മേലാല്‍ അയനി നിറുത്തണമെന്നു തീര്‍ച്ചയാക്കി.

മദ്ബാഹായുടെ പണി പൂര്‍ത്തിയാക്കുന്നതിനായി എണ്ണശ്ശേരില്‍ കത്തനാര്‍ 1037-ല്‍ ചമ്പക്കരെ ചെന്ന് പത്തു കണ്ടി തേക്കുതടി വെട്ടിച്ചു എങ്കിലും അയല്‍പക്കത്ത് മസൂരി പടര്‍ന്നതിനാല്‍ ആ തടി ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് കളപ്പുരയ്ക്കല്‍ കത്തനാര്‍ വേറെ കുറെ തേക്കുതടി വെട്ടിച്ച് ആ തടി ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് കളപ്പുരയ്ക്കല്‍ കത്തനാര്‍ വേറെ കുറെ തേക്കുതടി വെട്ടിച്ച് ആ പണി പൂര്‍ത്തിയാക്കി. അങ്ങനെയിരിക്കെ 1040 കന്നി 25-ാം തീയതി മാര്‍ അത്താനാസ്യോസ് വാകത്താനത്തു വന്നു. രണ്ടു ദിവസം കഴിഞ്ഞ് അമ്പതു രൂപാ കൈമുത്തു വാങ്ങിച്ചു കൊണ്ട് തിരികെപ്പോയി. എതിരേല്പിനും മറ്റുമായി ഇരുപതു രൂപായോളം ചെലവായി. അതു കഴിഞ്ഞ് നാലുന്നാക്കല്‍ക്കാര്‍ പെരുന്നാളിന് അവര്‍ക്കു കിട്ടുന്ന ഓഹരി പോരായെന്നും വാകത്താനത്തുകാര്‍ കൂടുതല്‍ കൊടുക്കയില്ലെന്നും വാദിച്ചു. അതു കൊണ്ട് അവര്‍ പുത്തന്‍പറമ്പില്‍ കുഞ്ചെറിയ മുഖാന്തിരം നാലുന്നാക്കല്‍ ഒരു പള്ളിക്ക് സ്ഥലം അപേക്ഷിക്കുകയും ഗവണ്‍മെന്റനുമതിയോടെ അവര്‍ അവിടെ ഒരു പള്ളി സ്ഥാപിക്കുകയും ചെയ്തു.

ഈ സമയം പുലിക്കോട്ടില്‍ ഔസേപ്പു കശീശാ പാത്രിയര്‍ക്കീസ് ബാവായില്‍ നിന്ന് മെത്രാപ്പട്ടം ഏറ്റു. ആപല്‍ക്കരമായ ഒരു കൊച്ചിയില്‍ എത്തുന്നതാണെന്ന് അദ്ദേഹം ഒരു കമ്പിയടിച്ചു. അന്ന് പുകടിയില്‍ ഇട്ടൂപ്പു റൈട്ടര്‍, കോലത്തുപറമ്പില്‍ വറുഗീസ്, അക്കരെ കുര്യന്‍ റൈട്ടര്‍, കുരുവിള മേനോന്‍ മുതലായവര്‍ കൊച്ചിയില്‍ അലക്സ് സി. ബ്രൈസ് കമ്പനിയിലെ ഉദ്യോഗസ്ഥന്മാര്‍ ആയിരുന്നു. അവര്‍ മെത്രാപ്പോലീത്തായെ യഥായോഗ്യം സ്വീകരിച്ചു. കുന്നംകുളത്തുകാര്‍ അദ്ദേഹത്തെ ആഘോഷപൂര്‍വ്വം എതിരേറ്റു കൊണ്ടു പോയി. കുറെ ദിവസങ്ങള്‍ക്കു ശേഷം അദ്ദേഹം വീണ്ടും കൊച്ചിയില്‍ ഈയപ്പന്റെ ബംഗ്ളാവില്‍ എത്തി. പാലക്കുന്നന്റെ ശക്തി മൂലം തിരുവിതാംകൂറില്‍ കയറുന്നതിന് അദ്ദേഹത്തിനു പ്രയാസമെന്നു തോന്നി. ആ സമയം പഴയാറ്റുങ്കല്‍ ചെറിയ ഒരു കാര്യവശാല്‍ കൊച്ചിയില്‍ ചെന്നു. അദ്ദേഹം മെത്രാപ്പോലീത്തായെ ചെന്നു കാണുകയുംവാകത്താനത്തേയ്ക്കു വരുന്ന പക്ഷം ജനങ്ങള്‍ തിരുമേനിയെ സന്തോഷപുരസ്സരം സ്വീകരിക്കുന്നതാണെന്ന് അറിയിക്കുകയും ചെയ്തു. ഈ അപേക്ഷയെ അദ്ദേഹം സന്തോഷസമേതം സ്വീകരിച്ചെങ്കിലും ആദ്യമായി തിരുവനന്തപുരത്തു ചെന്ന് മഹാരാജാവിനെ മുഖം കാണിച്ചതിനു ശേഷം വാകത്താനത്തേയ്ക്കു വരുന്നതാണെന്നു കല്പിച്ചു. തിരുവനന്തപുരത്തു നിന്ന് അദ്ദേഹം മേപ്രാല്‍ വഴി നീലമ്പേരൂര്‍ പള്ളിയിലെത്തി. ഈ സമയത്തിനിടയില്‍ പഴയാറ്റുങ്കല്‍ ചെറിയ, ചേലചിറയ്ക്കു തെക്ക് അന്നുണ്ടായിരുന്ന കാട്ടില്‍ കൂടെ കുറിച്ചി വരെ ഒരു റോഡു വെട്ടിച്ചു തയ്യാറായിരുന്നു. (മാളികയില്‍ കടവ് മുട്ടത്തുകടവ് റോഡ്) മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ നീലമ്പേരൂര്‍ വന്നിരിക്കുന്നതായി അറിഞ്ഞ ഉടനെ വാകത്താനം ഇടവകക്കാര്‍ അദ്ദേഹത്തെ സന്നാഹത്തോടെ എതിരേറ്റു. മാളികക്കടവില്‍ നിന്നു തട്ടു കെട്ടി അലങ്കരിച്ച രണ്ടു വള്ളങ്ങളില്‍ അദ്ദേഹം കയറി. ജനങ്ങളുടെ ആര്‍പ്പു വിളിയോടു കൂടെ സന്ധ്യാസമയം അദ്ദേഹം പള്ളിയിലെത്തി. ഈ ശുഭസംഭവം നടന്നത് 1043 മീനം 23-ാം തീയതി ശനിയാഴ്ച ആയിരുന്നു. ക്യാംതായുടെ ദീര്‍ഘകര്‍മ്മങ്ങളെല്ലാം അദ്ദേഹം നടത്തി പള്ളി ഭരണത്തിലുണ്ടായിരുന്ന കുഴപ്പങ്ങള്‍ പരിഹരിച്ച് വ്യവസ്ഥകള്‍ നിര്‍മ്മിക്കുകയും പതാരം, കുഴിക്കാണം മുതലായവ കുടിശ്ശിക കിടന്നതിനെ പിരിക്കുന്നതിനു വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുകയും ചെയ്തു. ഈ സമയം കളപ്പുരയ്ക്കല്‍ കത്തനാര്‍ മാനേജ്മെന്റ് ഒഴിഞ്ഞു. ഇടവകക്കാരില്‍ പന്ത്രണ്ടു പേരെ തിരഞ്ഞെടുത്ത് അവരില്‍ നാലു പേരെ ചീട്ടിട്ടു വേര്‍തിരിച്ച് പള്ളിഭരണം ഏല്പിച്ചു. ആയവര്‍ പഴയാറ്റുങ്കല്‍ ചെറിയ, ആലഞ്ചേരില്‍ ഇട്ടിയ വിര, കൊച്ചുകേരില്‍ കുര്യന്‍, കാരുചിറ പുന്നൂസ് എന്നിവരായിരുന്നു. അവരെ കൊണ്ട് ഒരു വര്‍ഷത്തേയ്ക്ക് പള്ളിക്കാര്യങ്ങള്‍ നടത്തിക്കുന്നതിനും പിന്നീടു രാജി വയ്ക്കുന്നതിനും കണക്കും പണവും സൂക്ഷിക്കുന്നതിന് ഒരു പെട്ടിയും അതു പൂട്ടുന്നതിനായി ഓരോരുത്തനും ഓരോ താക്കോലും നിശ്ചയിച്ചു.

Filed in: vakathanam-church-history
© 2019 St. John's Orthodox Syrian Church. All rights reserved. .