മാര്‍ ദീവന്നാസ്യോസ് മേടം 21-ാം തീയതി പള്ളിയില്‍ നിന്നു പോയപ്പോള്‍ പള്ളിയില്‍ നിന്ന് അദ്ദേഹത്തിന് നൂറു രൂപാ കൈമുത്തു കൊടുത്തു. നമ്മുടെ ഇടവകയുടെ ഈ ധീരകൃത്യം മറ്റിടവകക്കാര് ദൃഷ്ടാന്തമായി സ്വീകരിച്ച് മെത്രാപ്പോലീത്തായെ എതിരേറ്റു കൊണ്ടുപോയി.
1050-ാമാണ്ടിടയ്ക്കു പള്ളിവക മുതല്പടിക്കാരായ പള്ളിയടിയില്‍ കുര്യന്, പൂച്ചക്കേരില് അവിരാ, മഠത്തിറമ്പില്‍ കുര്യന് എന്നിവര്‍ തടിക്കായി നെടിങ്കുന്നത്ത് പുതിയാപറമ്പന് എന്ന തടിക്കാരന് 100 രൂപാ കൊടുത്തു. ഇതിനെ ചിലര്‍ ദുഷിച്ചതിനാല്‍ പണം തിരികെ വാങ്ങിക്കയല്ലയോ നല്ലത് എന്നവര്‍ ആലോചിച്ചു. അപ്പോഴാണ് ബാവായെ (പാത്രിയക്കീസ്) പുതുപ്പള്ളിയില്‍ നിന്ന് വാകത്താനത്തു കൊണ്ടു വരുന്നതിന് ആലോചിച്ചത്. തല്ക്കാലത്തേയ്ക്ക് ഒരു പന്തല്‍ കെട്ടിയാല്‍ മതി എന്നു ചിലര്‍ അഭിപ്രായപ്പെട്ടെങ്കിലും മുറിയുടെ മുകളില്‍ ഒരു നില കൂടി പണിയിക്കണമെന്ന് തീര്‍ച്ചയാക്കുകയും അതിനാവശ്യമായ തടി പുതിയാപറമ്പനോടു വാങ്ങിക്കുകയും ചെയ്തു. പക്ഷേ ബാവാ വടക്കോട്ട് എഴുന്നള്ളുകയാല് അദ്ദേഹത്തെ കൊണ്ടു വരുന്നതിനു സാധിച്ചില്ല. തടിക്ക് അമ്പതുരൂപാ വിലവന്നതു നീക്കി തടിക്കാരന്റെ കൈയില്‍ അമ്പതു രൂപാ ഉണ്ടായിരുന്നു. ബാവായുടെ തിരുവനന്തപുരത്തേയ്ക്കുള്ള ഘോഷയാത്രയ്ക്ക് നമ്മുടെ പള്ളിയില്‍ നിന്ന് നൂറു രൂപാ ചെലവായതിനാല്‍ തടിക്കാരന് ഒരമ്പതു രൂപാ കൂടെ കൊടുക്കുന്നതിന് നിവൃത്തിയില്ലാതെയിരുന്നു. അങ്ങനെയിരിക്കുന്ന സന്ദര്‍ഭത്തിലാണ് പള്ളിപണി പൂര്‍ത്തിയാക്കുന്നതിന് മാര്‍ അത്താനാസ്യോസ് (കടവില്‍) കല്പിച്ചത്. അദ്ദേഹം പള്ളിയില്‍ താമസിച്ച് 1047 മുതല്‍ 55 വരെയുള്ള കണക്ക് എഴുതിത്തീര്പ്പിച്ച് അടയാളം വെക്കുകയും മുന്‍ കൈക്കാരന്മാരെ നീക്കി മടത്തിറമ്പില്‍ കുര്യനേയും കാരുചിറ പുന്നനേയും നിയമിക്കുകയും ചെയ്തു. പിന്നീട് പുതിയാപറമ്പനെ വരുത്തി മെത്രാന്റെ കൈയില്‍ നിന്നു തന്നെ കുറെ പണം കൊടുക്കുകയും പണിയുടെ നടത്തിപ്പിന് കളപ്പുരയ്ക്കല്‍ കത്തനാരെ നിയമിക്കുകയും ചെയ്തു. തദനന്തരം മാര്‍ അത്താനാസ്യോസ് നീലംപേരൂര്‍, വെളിയനാട് മുതലായ പള്ളികളിലേയ്ക്കു പുറപ്പെട്ടു. താമസിയാതെ മുതല്കെട്ടുകാര് തമ്മില്‍ രസക്ഷയം ഭവിച്ചു. ഇതറിഞ്ഞ് മെത്രാന് തിരികെ വന്നു. പഴയാറ്റുങ്കല്‍ ചെറിയ, മഠത്തിറമ്പില്‍ കുര്യന്, ഓണാട്ടു പുന്നന്‍, കൊച്ചുകരില് കുര്യന്, തുഞ്ചത്തു പുന്നന്‍, കോയിപ്പുറത്തു കത്തനാര്, പള്ളിയടിയില്‍ കുര്യന് എന്നിവരെ മെത്രാന് വരുത്തി ചോദിച്ചപ്പോള്‍ അവിടുന്നു പണിയിക്കുന്ന പക്ഷം ചെലവുകള്‍ വഹിക്കാമെന്ന് അവര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ 1026 കര്‍ക്കടകം 6-ാം തീയതി മുതല്‍ 1057 വൃശ്ചികം 27-ാം തീയതി വരെ പണിതതിന്റെ ഫലമായി മേല്‍ക്കൂട്ടു കയറ്റി. അതു കഴിഞ്ഞ് പട്ടിക തറയ്ക്കാന് തുടങ്ങിയപ്പോള്‍ ഇരുമ്പാണി തുരുമ്പു പിടിക്കുന്നതാകയാല് മൂന്നു തുലാം ചെമ്പു മേടിച്ച് ആണിയാക്കി പട്ടിക തറച്ചു. അപ്പോള്‍ പട്ടികയ്ക്ക് മുറുക്കമില്ലാതെ വന്നതിനാല്‍ ഇരുമ്പാണി വാങ്ങി പട്ടിക വീണ്ടും ഇളക്കിയടിച്ചുറപ്പിച്ചു.