Published by siteadminon January 23, 2012|Comments Off on വാകത്താനത്തു പള്ളി ചരിത്രം
1067-ാമാണ്ട് ധനുമാസം 28-ാം തീയതി മാര്‍ ദീവന്നാസ്യോസ് വാകത്താനത്തു വന്നു. ഫാദര്‍ പട്ടരുമഠത്തിനെ നിയമിച്ചതു മുതല്‍ അതൃപ്തിപ്പെട്ട് പഴയാറ്റുങ്കല്‍ ചെറിയ പള്ളിയില്‍ പ്രവേശിച്ചിട്ടില്ല എന്നറിഞ്ഞ് അദ്ദേഹത്തെ കാണണമെന്ന് മെത്രാപ്പോലീത്താ ആഗ്രഹിക്കുകയും ആളയച്ചു വിളിപ്പിച്ചതില്‍ കുന്നുകേറാന്‍ പാടില്ല എന്നു പറഞ്ഞ് കടവില്‍ ചെല്ലുകയും ചെയ്തു. തിരുമേനി കുന്നിറങ്ങി താഴെ വന്ന് അദ്ദേഹത്തെ ആശ്ളേഷിക്കുകയും പൂര്‍വ്വ വാശികളെല്ലാം മറന്ന് പിറ്റെ ഞായറാഴ്ച മുതല്‍ പള്ളിയില്‍ സന്നിഹിതനാകണമെന്ന് ഗുണദോഷിക്കുകയും ചെയ്തു. അപ്പോള്‍ ഈ ചരിത്രകാരന് കൂടെ നില്പുണ്ടായിരുന്നു. തിരുമനസ്സിലെ ആജ്ഞ അനുസരിച്ച് അന്നു മുതല്‍ അദ്ദേഹം അപ്രകാരം ചെയ്തു. 1067 മീനം 28-ാം തീയതി എണ്ണശ്ശേരില്‍ കത്തനാര് മരിക്കുകയും നിരണം ഇടവകയുടെ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായെ കൊണ്ട് ശവസംസ്കാരം നടത്തിക്കുകയും ചെയ്തു. എണ്ണശ്ശേരിക്കാര് ആ കബര്‍ ഭംഗിയായി കെട്ടിക്കുകയും അവിടെ വിളക്കു വയ്പിക്കുക, മെഴുകുതിരി കത്തിക്കുക മുതലായ നൂതനമായ ഏര്‍പ്പാടുകള്‍ നടത്തി.
1071 മകരം 14-ാം തീയതി കൊച്ചുപറമ്പില്‍ (കാട്ടില്‍) പുന്നൂസിന്റെ മകന് ഉലഹന്നാന് ആലുവാ പള്ളിയില്‍ വെച്ച് മാര്‍ അത്താനാസ്യോസ് (കടവില്‍) മെത്രാപ്പോലീത്താ ശെമ്മാശുപട്ടം നല്കി. 1072 ചിങ്ങത്തില് കാരുചിറെ വറുഗീസു ശെമ്മാശന് കശീശാപട്ടവും ഉടന്‍ തന്നെ റമ്പാന് പട്ടവും അദ്ദേഹം അവിടെ വെച്ചു കൊടുത്തു. താമസിയാതെ അദ്ദേഹം സ്വദേശത്തേയ്ക്കു വരികയും എല്ലാവരും അദ്ദേഹത്തെ ബഹുമാനപുരസ്സരം സല്ക്കരിക്കുകയും ചെയ്തു. കന്നി 10-ാം തീയതി അദ്ദേഹം തിരികെ ആലുവായ്ക്കു പോയി. ഇദ്ദേഹം ശെമ്മാശനായിരുന്നപ്പോള്‍ അഞ്ചാറു മാസം വാകത്താനത്തു താമസിച്ചു. അപ്പോള്‍ പള്ളിയുടെ മുതലും നിറപറ, പിടിയരി മുതലായവയും എടുത്ത് മദ്ബാഹായുടെ മേല്‍ക്കൂട്ട് ഉയര്‍ത്തുക, പള്ളിക്കു വെള്ളയടിക്കുക, മുഖാരത്തിന്റെ മേല്‍ഭാഗം പൊളിച്ച് ഇപ്പോള്‍ കാണുന്ന രീതിയില്‍ പണിയിക്കുക മുതലായവയെല്ലാം നടത്തി.
1073-ാമാണ്ട് തുലാമാസത്തില്‍ കോട്ടയം ഇടവകയുടെ കടവില്‍ മാര്‍ അത്താനാസ്യോയും കാരുചിറെ റമ്പാച്ചനും വാകത്താനത്തു വന്നു. അന്ന് ആയിരംതയ്ക്കല് ചെറിയാന് എന്ന ഒരു തെക്കുംഭാഗന്റെ വകയായി പള്ളിക്കു താഴെയുള്ള നിലം അയാള്‍ വില്‍ക്കുന്നു എന്നു കേട്ട് അതു വാങ്ങിച്ചാല്‍ കൊള്ളാമെന്ന് ഇടവക ജനങ്ങള്‍ ആഗ്രഹിച്ചു കൊണ്ട് മെത്രാപ്പോലീത്തായെ അറിയിച്ചതില്‍ അതു കൊള്ളാമെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ഉടന്‍ തന്നെ എഴുത്തുകുത്തു നടത്തുകയും ചെയ്തു. ഈ നിലത്തോടു തൊട്ടു കിഴക്കു വശത്തുള്ള സ്ഥലം ഇതിനു മുമ്പു തന്നെ എഴുതിച്ചിരുന്നു. ഇതു മുതല്‍ പള്ളിവക വരുമാനം ചിലര്‍ തോന്ന്യാസമായി എടുത്തു കൊണ്ടു പോകയും ചിലര്‍ പള്ളിക്ക് ശരിയായി ഒന്നും കൊടുക്കാതെ വരികയും ചെയ്തതിനാല്‍ വേണ്ട വ്യവസ്ഥകള്‍ ചെയ്കയും അവയെ ലംഘിക്കുന്നവര്‍ക്ക് ശിക്ഷ നല്‍കുകയും വേണമെന്നു കാണിച്ച് ഒരു ഉടമ്പടിയുണ്ടാക്കി.
ക്രിസ്ത്വബ്ദം 1897 ചിങ്ങം 7-ാം തീയതി ചങ്ങനാശ്ശേരി താലൂക്കില്‍ പുതുപ്പള്ളി പ്രവൃത്തിയില്‍ വാകത്താനം മുറിയില്‍ യോഹന്നാന് മാംദാനായുടെ നാമത്തില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന വാകത്താനത്തു പള്ളിയിലെ പട്ടക്കാരും ശേഷം ജനങ്ങളുമായി താഴെ പേരെഴുതി കൈയൊപ്പിട്ടിരിക്കുന്ന ആളുകള്‍ കൂടി തങ്ങളുടെ മേലദ്ധ്യക്ഷനായ കോട്ടയം, അങ്കമാലി മുതലായ ഇടവകകളുടെ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ തിരുമനസ്സിലെ സാന്നിദ്ധ്യത്തില്‍ എഴുതി വച്ച ഉടമ്പടിയാണിത്. പള്ളി സംബന്ധിച്ച കാര്യങ്ങള്‍ ഇടവക ജനങ്ങള്‍ ഏകീഭവിച്ച് നടത്തായ്കയാല് പള്ളി വരുമാനങ്ങള്‍ നശിച്ചും കാര്യാദികള്‍ക്ക് വീഴ്ച ഭവിച്ചും പള്ളി പണി തീരാതെയും അതു വേണ്ടും വണ്ണം നടക്കുന്നതിന് ഇടയാകാതെയും പള്ളി സാമാനങ്ങള്‍ ഇല്ലാതെയും ശവം അടക്കുന്ന സ്ഥലം കാടു പിടിച്ച് വനമായി തീര്‍ന്നിരിക്കുന്നതും നാനാജാതികളും അതിലൂടെ വഴി നടക്കുന്നതും പടിഞ്ഞാറോട്ട് വഴി ഇല്ലായ്കയാല്‍ സ്ളീബാ ആഘോഷത്തിനും ജനങ്ങള്‍ക്കു പള്ളിയില്‍ കയറി വരുന്നതിനും പ്രയാസവും ബുദ്ധിമുട്ടും ആയിരിക്കുന്നതും, നല്ലതായ ഒരു മുറി ഇല്ലായ്കയാല്‍ മെത്രാന്മാര് എഴുന്നെള്ളിയാല്‍ താമസിക്കുന്നതിനു സുഖമില്ലാതെയും ജനങ്ങള്‍ കൂടിയാല്‍ ആശ്വസിക്കുന്നതിനു പാടില്ലാതെയും ഒരു മേണ്ടളം ഇല്ലായ്കയാല്‍ കുര്‍ബ്ബാന സമയത്തും മറ്റും കുട്ടികളുടെ നിലവിളി അസഹ്യമാകയാലും ഈ പള്ളി അന്യന്മാരുടെ ആക്ഷേപത്തിനും ഹാസ്യത്തിനും ഇടയായും ആലോചനയില്ലാത്ത സഭ വീണു പോകുമെന്ന് മഹാജ്ഞാനികള്‍ പറഞ്ഞിരിക്കുന്ന തിരുവചനം ഇവിടെ നിവൃത്തിയായി കാണുന്നതും ആകകൊണ്ട് ഈ വിവരം ഇടവക മെത്രാപ്പോലീത്താ തിരുമേനിയെ ബോധിപ്പിച്ചതില്‍ തിരുമേനി ഇവിടെ എഴുന്നെള്ളിയിരുന്ന് ഇടവകക്കാരില്‍ നിന്ന് ഒരു കമ്മട്ടിക്കാരായി 13-ാം വകുപ്പില്‍ പറഞ്ഞിരിക്കുന്നവരെ തിരഞ്ഞെടുത്ത് പള്ളി സംബന്ധമായ സകല കാര്യങ്ങളും നടത്തുകയും ചെയ്യുന്നതാകുന്നു.