വാകത്താനത്തു പള്ളി ചരിത്രം

1. ഈ ഇടവകയില്‍പെട്ട എല്ലാവര്‍ക്കും കൂടി ഒന്നാകെ പൊതുയോഗമെന്നും 13-ാം വകുപ്പില്‍ വിവരം പറയുന്ന ആളുകള്‍ക്ക് കമ്മട്ടിക്കാരെന്നും ആയതിന്റെ 9-ാം നമ്പര്‍ മുതല്‍ 20-ാം നമ്പര്‍ വരെയുള്ള ആളുകള്‍ക്ക് കൈക്കാരന്മാരെന്നും അതാതാണ്ടില്‍ കൈസ്ഥാന ജോലി നോക്കുന്ന തന്നാണ്ടു കൈക്കാരന്മാര് ഈ രണ്ടാളുകളെ എന്നും തന്നാണ്ടു കൈക്കാരന്മാരുടെ മേല്‍ വിചാരത്തിനും ആലോചനയ്ക്കും ദേശകുറി കൊടുക്കുന്നതിനും മറ്റുമായി മൂപ്പുമുറയ്ക്ക് തന്നാണ്ടു കൈക്കാരന്മാരോടു കൂടെ നിയമിക്കപ്പെടുന്ന പട്ടക്കാരന് തന്നാണ്ടു വികാരി എന്നും പേര്‍ പറയപ്പെടുന്നതുമാകുന്നു.

2. അതാതു കൊല്ലത്തേയ്ക്കു നിയമിക്കപ്പെടുന്ന കൈക്കാരന്മാര്‍, പതാരം, കുഴിക്കാണം, നടവരവ്, നിറപറ മുതലായ പള്ളി വരുമാനങ്ങള്‍ എടുത്തു സൂക്ഷിച്ചു കണക്കെഴുതി പള്ളിക്കാര്‍ ആവശ്യപ്പെടുന്ന പണികള്‍ നടത്തുകയും പെരുന്നാള്‍ മുതലായ അടിയന്തിരങ്ങളും മറ്റും പതിവു ചെലവു ചെയ്കയും ആയതിന്റെ കണക്കു തീര്‍ത്ത് തിരട്ടെഴുതി ആണ്ടു തോറും ചിങ്ങം 29-ാം തീയതി പൊതുയോഗത്തില്‍ കണക്കു കേള്‍പ്പിച്ച് തിരട്ടില്‍ കമ്മറ്റിക്കാരെ കൊണ്ട് രണ്ടു പ്രതിക്ക് അടയാളം വച്ച് വാങ്ങിക്കുകയും ഇരിപ്പു വരുന്ന മുതലും അവരെ ഏല്പിച്ചിട്ടുള്ള സകല സാമാനങ്ങളും ലിസ്റോടു കൂടെ പിന്‍വരുന്ന കൈക്കാരന്മാരെ ഏല്പിക്കുകയും ചെയ്യേണ്ടതുമാകുന്നു.

3. പള്ളിക്ക് ഒരു മുദ്ര ഉണ്ടായിരിക്കേണ്ടതും ആയത് ദേശകുറി, കണക്കു പുസ്തകം മുതലായവയ്ക്ക് ഉപയോഗിക്കേണ്ടതുമാകുന്നു.

4. പെണ്‍കെട്ടിനു ദേശകുറി കൊടുക്കുന്നതില്‍ മുദ്രയും ആണ്ടു വികാരിയുടെയും കൈക്കാരന്മാരുടെയും പേരും ഒപ്പും ഉണ്ടായിരിക്കേണ്ടതുമാകുന്നു.

5. കുഴിക്കാണം കുടിശ്ശികയുള്ളത് പിരിക്കയും മേലാല്‍ കുടിശ്ശിക വരുത്താതെ എല്ലാവരും കൊടുക്കുകയും അതിനു വിസമ്മതമുണ്ടായിരുന്നാല്‍ പട്ടക്കാര്‍ ശവം അടക്കിക്കൂടാത്തതും ഈ സന്ദര്‍ഭത്തില്‍ പ്രയാസമെന്നിരുന്നാല്‍ പുലകുളിയടിയന്തിരത്തോടു കൂടെ കൊടുക്കേണ്ടതും അല്ലാത്തവരുടെ അടിയന്തിരം പട്ടക്കാര്‍ നടത്തിക്കൊടുത്തു കൂടാത്തതുമാകുന്നു.

6. പതാരം കുടിശ്ശികയുള്ളതു പിരിക്കുകയും മേലാല്‍ കുടിശ്ശിക വരുത്താതെ എല്ലാവരും കൊടുക്കുകയും രൊക്കം പണമോ പണയമോ വയക്കാത്തവരുടെ വിവാഹം പട്ടക്കാര്‍ നടത്തിക്കൊടുത്തു കൂടാത്തതും അല്ലാത്ത പക്ഷം പട്ടക്കാര്‍ കൈക്കാരന്മാരെ പണം ബോദ്ധ്യപ്പെടുത്തേണ്ടതുമാകുന്നു.

7. നിറപറ, ഇഴപ്പുറത്തുകറ്റ മുതലായവ ദൈവത്തിന് എന്നു പറഞ്ഞ് നാം വേര്‍തിരിച്ചു വയ്ക്കയും പിന്നീട് അതു കൊടുക്കാതെ സ്വന്തം മുതലില്‍ ചേര്‍ത്ത് കൈകാര്യം ചെയ്യുന്നത് നമുക്കു ശാപമായിട്ടുള്ളതാകയാല്‍ മേലാല്‍ അപ്രകാരം വരാതെ എല്ലാവരും കൊടുക്കയും ആയതിന് പള്ളിക്ക് ഒരു പ്രത്യേക ബുക്ക് ഉണ്ടായിരിക്കുകയും ആണ്ടില്‍ ഇത്ര പറ വീതം കൊടുത്തു കൊള്ളാമെന്ന് പതിച്ച് ഈടാക്കുകയും ചെയ്യേണ്ടതാകുന്നു.

8. കുര്‍ബ്ബാനയ്ക്കുള്ള വെള്ളം, വീഞ്ഞ്, കുന്തിരുക്കം, മെഴുകുതിരി മുതലായവ പള്ളിവകയില്‍ നിന്നു കൊടുത്ത് വെടിപ്പായി നടത്തിക്കേണ്ടതാകുന്നു.

9. പള്ളിവക വരുമാനങ്ങളില്‍ ഏതെങ്കിലും പട്ടക്കാരുടെ കൈവശം വരുന്നതായാല്‍ ആയത് കൈക്കാരന്മാരെ ഏല്പിച്ചു കണക്കെഴുതിക്കേണ്ടതും പട്ടക്കാരുടെ പതാരവീതം കൈക്കാരന്മാരോടു പറ്റിക്കൊള്ളേണ്ടതുമല്ലാതെ പതാരമോ കുഴിക്കാണമോ പട്ടക്കാരുടെ കൈവശം കിട്ടുന്നതായിരുന്നാല്‍ ഒരാഴ്ചയിലധികം താമസിയാതെ കൈക്കാരന്മാരെ ബോദ്ധ്യപ്പെടുത്തേണ്ടതുമാകുന്നു.

10. പള്ളിവരുമാനങ്ങള്‍ക്കു കണക്കു പുസ്തകങ്ങളും അവ സൂക്ഷിക്കേണ്ടതിന് ഓരോ പെട്ടിയും ഉണ്ടായിരിക്കേണ്ടതും അതിന്റെ താക്കോല്‍ തന്നാണ്ടു കൈക്കാരന്മാരുടെ പക്കല്‍ ഇരിക്കേണ്ടതുമാകുന്നു.

11. പള്ളിവക സാമാനങ്ങള്‍ക്ക് പേരുവിവരം ഒരു ലിസ്റുണ്ടായിരിക്കേണ്ടതും ആയതു കൈക്കാരന്മാരുടെ പൂട്ടിലിരിക്കേണ്ടതുമാകുന്നു.

12. വല്ല സംഗതിക്കു കമ്മട്ടി കൂടുവാന്‍ ആവശ്യപ്പെടുകയും ആലോചിക്കേണ്ട സംഗതിയെ പറ്റി ഭിന്നാഭിപ്രായമുണ്ടായാല്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായം സ്ഥിരപ്പെടുകയും മേലാവില്‍ നിന്ന് വല്ല സംഗതികള്‍ക്കും വിചാരണയ്ക്കോ മറ്റോ കല്പന വരുന്നതായാല്‍ ആയതിനു കമ്മട്ടിക്കാര്‍ പതിനഞ്ചു ദിവസത്തിനകം മറുപടി കൊടുക്കേണ്ടതുമാകുന്നു.

ദീര്‍ഘകാലത്തേയ്ക്കു തിരുവിതാംകൂര്‍ സിവിള്‍ കോടതികളില്‍ വിസ്താരം നടന്നു കൊണ്ടിരുന്ന പ്രസിദ്ധമായ സിമ്മനാരി, വട്ടിപ്പണക്കേസുകള്‍ പുലിക്കോട്ടില്‍ യൌസേപ്പു മാര്‍ ദീവന്നാസ്യോസു മെത്രാപ്പോലീത്തായ്ക്കു ഗുണമായി വിധിച്ചതിനാല്‍ അദ്ദേഹത്തിന്റെ യശസ്ചന്ദ്രിക ഇന്‍ഡ്യ മുഴുവന്‍ വീശി. 1077 വൃശ്ചികം 6-ാം തീയതി അദ്ദേഹത്തിന്റെ ജൂബിലി കോട്ടയത്തു വച്ച് ഘോഷത്തോടെ നടത്തപ്പെട്ടു. അതിനു നമ്മുടെ ഇടവകയില്‍ നിന്നു സംഭാവന ചെയ്കയും പ്രതിനിധികള്‍ പോകയും ചെയ്തു.

Filed in: vakathanam-church-history
© 2019 St. John's Orthodox Syrian Church. All rights reserved. .